തൊഴിലാളികൾക്കും സ്ത്രീകൾക്കും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവായിരുന്നു ജോസഫൈൻ -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: സി.പി.എമ്മിന്റെ സമുന്നത നേതാവ് എം.സി. ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയുടെ 23-ാം കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്. തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ.
വിദ്യാർഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകൾ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂനിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷന്റെയും വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവർ നൽകിയത്.
ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു -മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.