'അനുസരിക്കുന്നത് നേതാവിന്‍റെ വീട്ടിൽനിന്ന് വരുന്ന നിർദേശങ്ങളല്ല'; കേരള കോൺഗ്രസിനെ തള്ളി ജോസിൻ ബിനോ
text_fieldsപാലാ: നഗരസഭയിൽ ‘മാപ്പിനെ’ ചൊല്ലിയുള്ള കേരള കോൺഗ്രസ് എം-സി.പി.എം പോര് തുടരുന്നു. പൊതുശ്മശാന നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാപ്പ് പറയണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യം സി.പി.എം പ്രതിനിധിയായ പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ തള്ളി. മാപ്പു പറയണമെന്ന മുൻ ചെയർമാന്‍റെയും കൂട്ടരുടെയും ആവശ്യം ബാലിശവും അപഹാസ്യവുമാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങൾ അനുസരിക്കുന്നത് നേതാവിന്‍റെ വീട്ടിൽനിന്ന് വരുന്ന നിർദേശങ്ങളല്ല. പാർട്ടി പറയുന്നതാണ്. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായൊരു സി.പി.എം കൗൺസിലർ ചെയർപേഴ്സൻ ആയതിൽ പലർക്കും അസഹിഷ്ണുത ഉണ്ടാവാം. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുത ഉണ്ടാകാം. എന്നാൽ, രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി യാഥാർഥ്യം മനസ്സിലാക്കി പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് മുന്നണി നേതാവിനോട് അഭ്യർഥിക്കാനുള്ളത്. സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ തണലും കരുതലും ഉള്ളിടത്തോളം കാലം ഇതുപോലുള്ള ഭീഷണയിൽ പേടിയില്ലെന്നും ജോസിൻ പ്രസ്താവനയിൽ പറഞ്ഞു.
പാല നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങളുടെ തുടർച്ചയാണ് പുതിയ സംഭവവികാസങ്ങൾ. ജോസിൻ ബിനോയുടെ മാപ്പാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കം. പണി തീർക്കാതെ പൊതുശ്മശാനം ഉദ്ഘാടനം നടത്തിയതിലായിരുന്നു നഗരസഭ അധ്യക്ഷ ജോസിൻ ജനങ്ങളോട് മാപ്പുചോദിച്ചത്. കേരള കോൺഗ്രസ് എമ്മിലെ ആന്‍റോ പടിഞ്ഞാറേക്കര ചെയർമാനായിരിക്കെ ഡിസംബറിലാണ് ജോസ് കെ. മാണി എം.പി ശ്മശാനം ഉദ്ഘാടനം ചെയ്തത്.
പണിതീരാത്ത കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയതിൽ താനുൾപ്പെടെയുള്ള കൗൺസിലർമാർക്കു പങ്കുണ്ടെന്നും ഇക്കാര്യത്തിൽ പൊതുസമൂഹത്തോട് മാപ്പുചോദിക്കുന്നതായുമായാണ് ജോസിൻ ബിനോ പറഞ്ഞത്. കേരള കോൺഗ്രസിനുള്ള ‘കുത്ത്’ കൂടിയായിരുന്നു ചെയർപേഴ്സനിന്‍റെ മാപ്പ്. ഇതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തുവന്നു. ചെയര്‍പേഴ്സൻ മുന്നണിയോട് മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് തള്ളിയാണ് ഞായറാഴ്ച നഗരസഭ അധ്യക്ഷ ജോസിൻ ബിനോ രംഗത്തെത്തിയത്.
തെറ്റുപറ്റിയാൽ ക്ഷമ ചോദിക്കുന്നതിൽ കുറച്ചിൽ കാണുന്നില്ല. മേലിലും അങ്ങനെ സംഭവിച്ചാൽ ക്ഷമ ചോദിക്കുക തന്നെ ചെയ്യും. മൗനം ബലഹീനതയായതു കൊണ്ടല്ല മറിച്ച് ഇടതു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് പ്രകോപനപരമായ പല പ്രസ്താവനകളും കുപ്രചാരണങ്ങളും നടത്തിയപ്പോൾ മൗനം പാലിച്ചതെന്നും ജോസിൻ പ്രസ്താവനയിൽ പറയുന്നു.നഗരസഭ നിവാസികൾക്ക് ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതിൽ ചെയർപേഴ്സൻ തടസ്സം നിൽക്കുന്നെന്ന രീതിയിലുള്ള മുൻ ചെയർമാന്‍റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇത് നുണ പ്രചാരണമാണ്.
വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനുള്ള തടസ്സം. സ്വന്തം പാർട്ടിക്കാരനായ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കുമായിരുന്നു കേരള കോൺഗ്രസ് കൗൺസിലർമാർ ആദ്യം പരാതിപ്പെടേണ്ടത്. തനിക്ക് പരാതി ലഭിച്ചാൽ ജോസ് കെ. മാണി എംപിയെ നേരിട്ട് കണ്ട് പരാതി കൈമാറുന്നതിനും മന്ത്രിക്ക് നിർദേശം കൊടുക്കുന്നതിനായി അദ്ദേഹത്തോട് അഭ്യർഥിക്കാനും തയാറാണെന്ന് ചെയർപേഴ്സൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിച്ചാണ് കൗൺസിലറായത്. പലരെയും പോലെ മറ്റു ജില്ലകളിൽനിന്നോ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ നിന്നോ പാലായിൽ കുടിയേറിയ ആൾ അല്ല.അഭിമാനത്തോടെ പറയട്ടെ. പാലാ നഗരത്തിൽ ജനിച്ചുവളർന്ന ഒരു പാലാക്കാരിയാണ് ഞാൻ. സ്ത്രീത്വത്തെയും വ്യക്തിപരമായി എന്നെയും ആക്ഷേപിച്ച് ഭീഷണിപ്പെടുത്തിയാണ് ചിലർ മാധ്യമങ്ങളോട് സംസാരിച്ചത്. പാർട്ടി നേതാവ് ജോസ് കെ. മാണിയുടെ അറിവോട് കൂടിയാണോയിതെന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ അവരെ നിയന്ത്രിക്കുമെന്നും ജോസിൻ ബിനോ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.