ഇന്ത്യയിൽ മാധ്യമപ്രവർത്തനം തോക്കിനും കൽത്തുറുങ്കിനും ഇടയിൽ -മന്ത്രി എം.ബി. രാജേഷ് -VIDEO
text_fieldsകോഴിക്കോട്: ഇന്ത്യയിൽ മാധ്യമപ്രവർത്തനം തോക്കിനും കൽത്തുറുങ്കിനും ഇടയിലാണെന്ന് എക്സൈസ്- തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. മാധ്യമം ജേണലിസ്റ്റ് യൂനിയൻ ഏർപ്പെടുത്തിയ എൻ. രാജേഷ് സ്മാരക അവാർഡ് അന്വേഷണാത്മക മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ജോസി ജോസഫിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിർഭയ മാധ്യമപ്രവർത്തനം നടത്തുന്നവർ ഒന്നുകിൽ സുബൈറിനെ പോലെ ജയിലിലോ ഗൗരി ലങ്കേഷിനെ പോലെ തോക്കിൻ മുനയിലോ അതുമല്ലെങ്കിൽ ജോലി നഷ്ടപ്പെടുന്നതിലോ കലാശിക്കും. ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ അടക്കം സ്വീകരിക്കുന്ന രീതി ദേശീയ സംഭവവികാസങ്ങൾ അധികം തൊടാതിരിക്കുക, എന്തിനാ തൊട്ട് കൈപൊള്ളുന്നത് എന്നതാണ്. ആരെയും പിണക്കാതെ, അലോസരമുണ്ടാക്കാതെ വാർത്ത നൽകുന്ന ഇവർ ജനാധിപത്യവാദികളാണ് എന്ന് തെളിയിക്കാൻ കേരളത്തിലെ കാര്യങ്ങളിൽ ഉറഞ്ഞുതുള്ളുകയും ചെയ്യുന്നു. ഒരർഥത്തിൽ ഇത് കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ തെളിവ് കൂടിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഭരണകൂടത്തെ കോർപറേറ്റ് മനുവാദി ഹിന്ദുത്വ സഖ്യമാണ് നയിക്കുന്നത്. ഇവരുടെ കീഴിലാണ് മാധ്യമങ്ങളും. ജനാധിപത്യത്തിന്റെ കാവൽ നായ എന്ന പദവി മാധ്യമങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. കേരളത്തിലെ മാധ്യമങ്ങളും ഏതാണ്ട് ഈ വഴിയിൽ തന്നെയാണ്. അടുത്ത കാലത്ത് ഒരാവശ്യത്തിന് 70 ദിവസത്തെ പ്രധാന പത്രങ്ങളുടെ മുഖപ്രസംഗങ്ങളും ചാനലുകളിലെ പ്രൈംടൈം ചർച്ചകളും വിശകലനം ചെയ്തു. ഇക്കാലയളവിൽ ദേശീയ വിഷയത്തിൽ അഞ്ചോ ആറോ മുഖപ്രസംഗങ്ങളും പ്രൈം ടൈം ചാനൽ ചർച്ചകളും മാത്രമാണ് വന്നത്. നിയമസഭയിൽ 10 മിനിട്ടുകൊണ്ട് പരിഹരിച്ച മാധ്യമപാസ് വിഷയത്തിൽ രണ്ടു തവണയാണ് ചില മാധ്യമങ്ങൾ എഡിറ്റോറിയൽ എഴുതിയത്. എന്നാൽ, ഈ മാധ്യമങ്ങൾ മിക്കതും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എഡിറ്റോറിയൽ എഴുതിയില്ല. കുതിരക്കച്ചവടം, കൂട്ടക്കാൽമാറ്റം എന്നീവാക്കുകൾക്ക് പകരം ഓപറോഷൻ ലോട്ടസ്, ഓപറേഷൻ മിഡ്നൈറ്റ് തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കുന്നത് -എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. പുരസ്കാര സമിതി കൺവീനർ സുൽഹഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കാരവൻ മാഗസിൻ ഓഡിയൻസ് ഡെവലപ്പ്മെന്റ് എഡിറ്റർ ലീന ഗീത രഘുനാഥ് 'സമകാലിക ഇന്ത്യയിലെ മാധ്യമങ്ങൾ' എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തി. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി.
എഡിറ്റർ വി.എം ഇബ്രാഹിം, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, മാധ്യമം എംപ്ലോയീസ് യൂനിയൻ പ്രസിഡന്റ് ടി.എം. അബ്ദുൽ ഹമീദ്, ഇന്ത്യൻ യൂത്ത് അസോസിയേഷൻ മുൻ പ്രസിഡന്റ് ടി. ഹേമപാലൻ എന്നിവർ സംസാരിച്ചു. എൻ. രാജേഷ് അനുസ്മരണം കെ.എ. സൈഫുദ്ദീൻ നിർവഹിച്ചു. മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ സെക്രട്ടറി ടി. നിഷാദ് സ്വാഗതവും ട്രഷറർ എ. അഫ്സൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.