'നിങ്ങൾ ഡ്രാക്കുളയുടെ ജന്മം; എതിരാളികളെ കിട്ടിയില്ലെങ്കിൽ സ്വന്തം പാർട്ടിക്കാരുടെ ചോര കുടിക്കും'
text_fieldsകോഴിക്കോട്: കണ്ണൂർ പാനൂർ പുല്ലൂക്കരയിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മാധ്യമപ്രവർത്തകൻ ഷെരീഫ് സാഗർ. ആർ.എസ്.എസ്സുമായി പലവട്ടം ചർച്ച നടത്തി കണ്ണൂരിലെ കൊലപാതക പരമ്പരക്ക് താൽക്കാലിക ശമനമായെങ്കിലും രക്തക്കൊതി മാറിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
'ആ വടിവാളുകളും ബോംബുകളും ഇപ്പോഴും പാർട്ടി ഓഫിസിൽ തന്നെയുണ്ട്. ആർ.എസ്.എസ്സിനോട് സൗഹൃദത്തിലായ ശേഷം കുറേ കൊല്ലമായി മുസ്‌ലിംലീഗ്, കോൺഗ്രസ് പ്രവർത്തകർക്കു നേരെയാണ് അവ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നു മാത്രം. ആർ.എസ്.എസ്സുമായി ചർച്ച നടത്തി ഗ്രൂപ്പ് ഫോട്ടോ എടുത്ത് പിരിഞ്ഞ നിങ്ങൾ ഡ്രാക്കുളയുടെ ജന്മങ്ങളാണ്. ആർ.എസ്.എസ് തന്നെ വേണമെന്നില്ല. ആരുടെയെങ്കിലും ചോര കിട്ടിയാൽ മതി. എതിരാളികളെ കിട്ടിയില്ലെങ്കിൽ സ്വന്തം പാർട്ടിക്കാരുടെ ചോരയും കുടിക്കും. സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നാതിരിക്കാനാണ് സഖാക്കൾ അന്യന്റെ കുഞ്ഞുങ്ങളെ തിരഞ്ഞു നടക്കുന്നത്.'' -ഷെരീഫ് അഭിപ്രായപ്പെട്ടു.
ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം:
പിണറായിയും കോടിയേരിയും ആർ.എസ്.എസ്സുമായി പലവട്ടം ചർച്ച നടത്തി. കണ്ണൂരിലെ കൊലപാതക പരമ്പരക്ക് താൽക്കാലിക ശമനമായി. നല്ല കാര്യം. പക്ഷേ, ആ വടിവാളുകളും ബോംബുകളും ഇപ്പോഴും പാർട്ടി ഓഫീസിൽ തന്നെയുണ്ട്. ആർ.എസ്.എസ്സിനോട് സൗഹൃദത്തിലായ ശേഷം കുറേ കൊല്ലമായി മുസ്‌ലിംലീഗ്, കോൺഗ്രസ് പ്രവർത്തകർക്കു നേരെയാണ് അവ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നു മാത്രം.
നിങ്ങളും കൊല്ലപ്പെടരുത്, ഞങ്ങളും കൊല്ലപ്പെടരുത് എന്ന സ്വരാജിയൻ മുദ്രാവാക്യമാണ് ഇന്നും സഖാക്കൾ ഉയർത്തുന്നത്. അതായത് ഞങ്ങളെ കൊന്നാൽ നിങ്ങളെയും കൊല്ലും എന്നാണ് അതിന്‍റെ അർത്ഥം. നിങ്ങൾ ഞങ്ങളിലൊന്നിനെ, ഞങ്ങൾ നിങ്ങളിലൊന്നിനെ എന്ന കണക്കിൽ പരമ്പര പരമ്പരയായി കൊല ചെയ്ത് രസിക്കാം എന്നും അർത്ഥമുണ്ട്.
ചോദിക്കട്ടെ?
നിങ്ങളിൽ ആരെ കൊന്നിട്ടാണ് ഷുക്കൂറിനെ കൊന്നത്?
ആരെ കൊന്നിട്ടാണ് ഷുഹൈബിനെ കൊന്നത്?
ആരെ കൊന്നിട്ടാണ് ശരത് ലാലിനെയും കൃപേഷിനെയും കൊന്നത്?
ആരെ കൊന്നിട്ടാണ് മൻസൂറിനെ കൊന്നത്?
എല്ലാം ഏകപക്ഷീയമായ കൊലപാതകങ്ങൾ. നിങ്ങളുടെ ആപ്തവാക്യമനുസരിച്ച് ഈ കൊലപാതകങ്ങൾക്ക് ആരെങ്കിലും പകരം കൊല്ലപ്പെട്ടോ? ഇല്ല. ഇനി കോൺഗ്രസുകാരും ലീഗുകാരും കൊല്ലാൻ തീരുമാനിച്ചാൽ അത് നടക്കില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? അത്ര പൊട്ടന്മാരാണോ നിങ്ങൾ?
ആർ.എസ്.എസ്സുമായി ചർച്ച നടത്തി ഗ്രൂപ്പ് ഫോട്ടോ എടുത്ത് പിരിഞ്ഞ നിങ്ങൾ ഡ്രാക്കുളയുടെ ജന്മങ്ങളാണ്. ആർ.എസ്.എസ് തന്നെ വേണമെന്നില്ല. ആരുടെയെങ്കിലും ചോര കിട്ടിയാൽ മതി. എതിരാളികളെ കിട്ടിയില്ലെങ്കിൽ സ്വന്തം പാർട്ടിക്കാരുടെ ചോരയും കുടിക്കും. സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നാതിരിക്കാനാണ് സഖാക്കൾ അന്യന്റെ കുഞ്ഞുങ്ങളെ തിരഞ്ഞു നടക്കുന്നത്.
ഒരപേക്ഷയുണ്ട്.
ഭരണഘടന, മാനവികത, സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ പറയാതിരിക്കാൻ പരമാവധി ശ്രമിക്കണം. നിങ്ങളുടെ വായിൽനിന്ന് ഈ വാക്കുകൾ കേൾക്കുമ്പോൾ വല്ലാതെ ഓക്കാനം വരുന്നുണ്ട്.
കൊലക്കത്തി താഴെ വെക്കാൻ നിങ്ങളോട് പറയില്ല.
കാരണം, നിങ്ങൾക്കതിന് കഴിയില്ല.
ബംഗാളിലും ത്രിപുരയിലുമെന്ന പോലെ ജനം നിങ്ങളെ കൈകാര്യം ചെയ്യുന്നതു വരെ, കണ്ടാൽ കണ്ടിടത്ത് വെച്ച് ആട്ടിയോടിക്കുന്നതു വരെ ഈ നാണംകെട്ട കളി തുടരുക.
-ഷെരീഫ് സാഗർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.