Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതിർന്ന...

മുതിർന്ന മാധ്യമപ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു

text_fields
bookmark_border
e somanath
cancel

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാർന്ന ഇടപെടലുകൾ വഴി 'സോമേട്ടൻ' എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ. സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്.

'ആഴ്ചക്കുറിപ്പുകൾ' എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്തവയാണ്. വിപുലമായ വായന ആ എഴുത്തിന് ഉൾക്കാമ്പ് നൽകി. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു. വിമർശനാത്മകമായി ആണെങ്കിൽ പോലും അതിൽ പേരു പരാമർശിക്കപ്പെടാൻ ആഗ്രഹിക്കാത്ത നിയമസഭാംഗങ്ങൾ കുറവായിരുന്നു. മുപ്പതുവർഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.

നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എം.എൽ.എമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതിൽ ആദരിച്ചത്. സഭാ റിപ്പോർട്ടിങ്ങിനായി എത്തുന്ന യുവ മാധ്യമപ്രവർത്തകർക്കുപോലും മാർഗനിർദേശങ്ങൾ തേടാൻ വലുപ്പചെറുപ്പമില്ലാതെ ഇടപെടാനാകുന്ന വ്യക്തിത്വം കൂടിയായിരുന്നു സോമനാഥ്. 34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ. സോമനാഥ് ഇക്കാലയളവിൽ കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു.

തികഞ്ഞ പ്രകൃതിസ്നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകൾ കേരളത്തിൽ കുറവാണ്. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃത്ത്‌വലയത്തിൽ ഉൾപ്പെട്ടു. പ്രകൃതിസ്നേഹത്തിന്റെ നിറവുൾക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളിൽ ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹം സൂക്ഷിച്ചു.

വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം. ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ. ദേവകിയമ്മയുടെയും മകൻ. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.

സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. അധ്യാപിക, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, സർവകലാശാല ക്യാമ്പസ്), വേലായുധൻകുട്ടി (റിട്ട. അധ്യാപകൻ, സി.ബി ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസർ, മട്ടന്നൂർ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അധ്യാപിക, നേറ്റീവ് എയുപി സ്കൂൾ), ബാലസുബ്രഹ്മണ്യം.

പ്രിയങ്കരനായ സോമേട്ടന് പ്രണാമം... വിട...-വി.ഡി. സതീശൻ

പ്രശസ്ത പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന ഇ. സോമനാഥിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മൂന്നു പതിറ്റാണ്ടായി മലയാള മനോരമയുടെ താളുകളിലൂടെ സോമനാഥ് രാഷ്ട്രീയം, നിയമ നിര്‍മാണം, ഭരണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തു, ആഴത്തിലുള്ള അവലോകനങ്ങള്‍ എഴുതി, ഒരു ചെറുചിരി പോലുള്ള നര്‍മ്മവും കൂര്‍ത്ത വിമര്‍ശനങ്ങളും സമ്മേളിപ്പിച്ച് രാഷ്ട്രീയ കേരളത്തെ ജനസമക്ഷം അവതരിപ്പിച്ചു. നിയമസഭാ റിപ്പോര്‍ട്ടിങ്ങിലും അവലോകനത്തിലും ഇ. സോമനാഥിനൊപ്പം അദ്ദേഹം മാത്രം. മുപ്പതു വര്‍ഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് നിയമസഭാ അവലോകനത്തിനായി സോമനാഥ് സഭയിലെത്താതിരുന്നത്.

നിയമസഭാഗം ആകുന്നതിന് മുന്നേ എനിക്ക് സോമേട്ടനെ അറിയാം. സഭയില്‍ എത്തിയതോടെ അദ്ദേഹവുമായി സംസാരിക്കാനും ആശയ വിനിമയം നടത്താനും നിരവധി അവസരങ്ങളുണ്ടായി. അതൊരു ഊഷ്മളമായ സൗഹ്യദമായി വളര്‍ന്നു. അദ്ദേഹത്തിന്റെ നിയമസഭാ അവലോകന പംക്തിയായ നടുത്തളം, വിമതന്‍ എന്ന രാഷ്രീയ ആക്ഷേപഹാസ്യ കോളം എന്നിവ സാമാജികര്‍ക്കും രാഷ്ട്രീയ കേരളത്തിനും പാഠപുസ്തകമാണ്.

നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂര്‍വത കണക്കിലെടുത്ത് സാമാജികര്‍ക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സംഘടിപ്പിടിപ്പച്ച പ്രത്യേക ചടങ്ങില്‍ സോമനാഥിനെ ആദരിച്ചിരുന്നു. ഞാന്‍ പോയാലും എന്‍റെ ആത്മാവ് ഇവിടെയൊക്കെ കാണുമെന്ന് മറുപടി പ്രസംഗത്തില്‍ സോമേട്ടന്‍ പറഞ്ഞത് ഇന്നുമെന്‍റെ ഓര്‍മ്മയിലുണ്ട്. അത്രമേല്‍ ആ മനുഷ്യന്‍ നിയമസഭയുമായൊരു അത്മബന്ധം സൂക്ഷിച്ചു.

വിമര്‍ശിക്കാനും വഴികാട്ടാനും നര്‍മം പങ്കുവയ്ക്കാനും മനസു കാട്ടിയ, മഹാനായ പത്രപ്രവര്‍ത്തകനും സഹോദരതുല്യനായ വ്യക്തിയുമാണ് കടന്നുപോകുന്നത്. പ്രിയങ്കരനായ സോമേട്ടന് പ്രണാമം... വിട....

സോമനാഥിന്‍റെ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമെന്ന് കെ. സുധാകരൻ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ഇ. സോമനാഥിന്‍റെ മരണവാര്‍ത്ത വല്ലാത്ത വേദനയോടെ മാത്രമെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. തിരുവനന്തപുരത്ത് എത്തിയ നാള്‍ മുതല്‍ സോമനാഥുമായി തനിക്ക് ഏറ്റവും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പലപ്പോഴും തന്‍റെ വഴികാട്ടിയും നിരൂപകനുമായി സോമനാഥ് മാറിയിട്ടുണ്ട്.

നിയമസഭയില്‍ ആദ്യമായി എത്തിയപ്പോള്‍ സഭാനടപടികളെ കുറിച്ച് അത്രയൊന്നും ഞാന്‍ പരിണിത പ്രജ്ഞനായിരുന്നില്ല. അക്കാലത്ത് തനിക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതിലും ജനകീയ വിഷയങ്ങള്‍ തന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിലും സോമനാഥ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഹൃദ്യമായ പുഞ്ചിരിയോടെയും സൗമ്യതയോടുള്ള പെരുമാറ്റ ശൈലിയാണ് സോമനാഥിന്‍റെ പ്രത്യേകത.

സൗഹൃദങ്ങള്‍ക്കപ്പുറം തന്റെ നിലപാട് തുറന്ന് പറയാന്‍ ആര്‍ജ്ജവം കാട്ടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് സോമനാഥ്. ചാട്ടുളി പോലുള്ള പദപ്രയോഗവും അസാമാന്യമായ നര്‍മ്മബോധവും സോമനാഥിന്‍റെ സവിശേഷതയായിരുന്നു. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ തന്‍റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.'ആഴ്ചക്കുറിപ്പ്' എന്ന പേരില്‍ എഴുതിയ പ്രതിവാര രാഷ്ട്രീയപംക്തിയും 'നടുത്തളം' എന്ന നിയമസഭാവലോകനവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

രാഷ്ട്രീയത്തിലെ ഓരോ ചലനവും സൂക്ഷമമായി നിരീക്ഷിക്കുന്നത് കൊണ്ടാണ് അദ്ദേഹം എഴുതിയ ആക്ഷേപഹാസ്യരൂപേണയുള്ള നിയമസഭാതല വാര്‍ത്തകള്‍ ഏറെ പ്രചാരം നേടിയത്. സോമനാഥിന്‍റെ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. സോമനാഥിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JournalistE Somnath
News Summary - Journalist E. Somnath passed away
Next Story