ഇടവേളയിൽ കളിമുറിച്ച്...
text_fieldsഅന്തരിച്ച മാധ്യമം ന്യൂസ് എഡിറ്റർ എൻ. രാജേഷിനെ ഡെപ്യൂട്ടി എഡിറ്റർ പി.എ അബ്ദുൽ ഗഫൂർ ഓർക്കുന്നു:
അടുത്തറിയുന്നവർക്കെല്ലാം സഹോദരൻ, സുഹൃത്ത്, തൊഴിലാളികൾക്കിടയിൽ കറ തീർന്ന ട്രേഡ് യൂണിയൻ നേതാവ്, പൊതു സമൂഹത്തിനു മുന്നിൽ ഇരുത്തം വന്ന പത്രപ്രവർത്തകൻ, പൊതുപ്രവർത്തകൻ, ജേർണലിസം വിദ്യാർഥികൾക്ക് നല്ലൊരു അധ്യാപകൻ, 'മാധ്യമ'ത്തിന് മികച്ച റിപ്പോർട്ടർ, എഡിറ്റർ...ഏത് നിലയിലും മുൻനിരയിലായിരുന്നു ഇന്നലെ അന്തരിച്ച സഹപ്രവർത്തകൻ എൻ രാജേഷ്.
'മാധ്യമം' ദിനപത്രം തുടങ്ങി അധികകാലം കഴിയും മുമ്പാണ് പത്രപ്രവർത്തനത്തിലെ തുടക്കക്കാരായി ഞങ്ങളെത്തുന്നത്. '1988 ബാച്ചുകാര'നാണ് രാജേഷ്. മാസങ്ങളുടെ വ്യത്യാസത്തിൽ ഞാനും. തുടർന്ന് സ്ഥാപനത്തിലും പത്രപ്രവർത്തക യൂനിയനിലും ഞങ്ങൾ സഹയാത്രികരായി. 'കേരള കൗമുദി'യിൽ നിന്നായിരുന്നു രാജേഷിെൻറ വരവ്. മുതിർന്ന സഹപ്രവർത്തകൻ കെ. ബാബുരാജ് ആണ് മാധ്യമപ്രവേശനത്തിെൻറ നിമിത്തം. സമയവും കാലവും ഒന്നും നോക്കാത്ത അന്നത്തെ ബ്യൂറോ ഡെസ്ക് ജോലികൾ എഡിറ്റർ ഒ.അബ്ദുറഹ്മാൻ, അസോസിയേറ്റ് എഡിറ്റർ ഒ.അബ്ദുല്ല, ന്യൂസ് എഡിറ്റർ അസൈൻ കാരന്തൂർ എന്നിവരുടെ നേതൃത്വത്തിൽ ഒരു 'മാധ്യമം കുടുംബ'ത്തെ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. രാജേഷ് മരണം വരെയും ആ ബന്ധം വിെട്ടാഴിയാതെ തുടർന്നത് ആ കുടുംബബന്ധത്തിെൻറ ദൃഢത കൊണ്ടാണ്.
കേരള പത്രപ്രവർത്തക യൂനിയനിലെയും മാധ്യമം ജേർണലിസ്റ്റ് യൂനിയനിലെയും ഒരുമിച്ചുള്ള പ്രവർത്തന കാലയളവിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നല്ല. എന്നാൽ, അതൊന്നും സൗഹൃദത്തെ, സ്നേഹബന്ധത്തെ ബാധിക്കാതിരിക്കാൻ രാജേഷ് പ്രത്യേകം ശ്രദ്ധിച്ചു.
കുറച്ചു കാലമായി ജീവിതശൈലീ രോഗങ്ങൾ പ്രയാസപ്പെടുത്തിയിരുന്നെങ്കിലും അത് തൊഴിലിനെയോ ദൈനംദിന ജീവിതത്തെയോ ബാധിച്ചിരുന്നില്ല. എന്നാൽ അടുത്തിടെയായി രോഗത്തിെൻറ ശല്യം കൂടിയപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നായി. രണ്ടുനാൾ മുമ്പ് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിൽ നില അൽപം ഗുരുതരമാണെന്നറിഞ്ഞ് 'മാധ്യമം' സി.ഇ.ഒ പി.എം സാലിഹ്, എക്സിക്യൂട്ടീവ് എഡിറ്റർ വി.എം.ഇബ്രാഹീം, ഡപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ എന്നിവരോടൊപ്പം വീട്ടിൽ പോയിരുന്നു. ചികിത്സയൊന്നും ഇനി വേണ്ട എന്ന വാശിയിലായിരുന്നു രാജേഷ്. ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് വിങ്ങിപ്പൊട്ടി. ആശുപത്രിയിലേക്ക് പോകണമെന്ന നിർബന്ധത്തിന് വഴങ്ങാൻ മടിച്ചു. സങ്കടകരമായിരുന്നു ആ കൂടിക്കാഴ്ച. ചികിത്സ ഒന്നും വേണ്ട എന്നായിരുന്നു വാശി. അത് അവസാന കൂടിക്കാഴ്ചയായിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല. ഒടുവിൽ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പ്രയാസപ്പെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സ്പോർട്സിനോട് ഒരു തരം അഭിനിവേശമായിരുന്നു രാജേഷിന്. തുടക്കകാലത്ത്, മാധ്യമത്തിെൻറ സ്പോർട്സ് പേജ് ശ്രദ്ധിക്കപ്പെട്ടതിൽ കാര്യമായൊരു പങ്ക് രാജേഷിേൻറതു കൂടിയാണ്.
കാലിക്കറ്റ് പ്രസ് ക്ലബിെൻറ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന് ആൻഡ് ജേണലിസം ഫാക്കല്റ്റി അംഗമാണ്. സ്റ്റേറ്റ് മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കേരള മീഡിയ അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ഇന്ത്യൻ യൂത്ത് അസോസിയേഷൻ (െഎ.വൈ.എ) സംസ്ഥാന പ്രസിഡൻറ്, ദേവഗിരി പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡൻറ്, ഒായിസ്ക ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം എംപ്ലോയീസ് കോഓപറേറ്റീവ്
സൊസൈറ്റി സ്ഥാപക പ്രസിഡൻറായിരുന്നു. ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്, ആഫ്രോ-ഏഷ്യൻ ഗെയിംസ്, ദേശീയ ഗെയിംസ്, ദേശീയ വോളി ചാമ്പ്യൻഷിപ് എന്നിവയടക്കം നിരവധി അന്താരാഷ്ട്ര, ദേശീയ കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇരുപതിറ്റാണ്ടിനുമപ്പുറം ഭാര്യയുടെ മരണം രാജേഷിനെ ഏറെ തളർത്തിയ സംഭവമായിരുന്നു. ശേഷം മകൻ ഹരികൃഷ്ണന് അമ്മയും അച്ഛനുമായിരുന്നു രാജേഷ്. രാജേഷും യാത്രയായി.. ആ ദുഃഖം ആ മകെൻറയും ബന്ധുക്കളുടേതും മാത്രമല്ല, രാജേഷുമായി അടുത്തിടപഴകിയ ഒാരോരുത്തരുടേതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.