സിദ്ദീഖ് കാപ്പന്‍റെ അന്യായ തടങ്കൽ മാധ്യമ സ്വാതന്ത്രത്തിനേറ്റ വെല്ലുവിളി -എൻ.കെ പ്രേമചന്ദ്രൻ
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ അന്യായമായി നീളുന്ന തടങ്കൽ രാജ്യത്തെ മാധ്യമ സ്വാതന്ത്രത്തിന്‍റെ വെല്ലുവിളിയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. രാജ്യം നേരിടുന്ന യഥാർഥ ഫാഷിസത്തിന്‍റെ പ്രതിഫലനമാണ് ഈ തടങ്കലിലൂടെ വ്യക്തമാവുന്നത്. സിദ്ദീഖിന്‍റെ മോചനത്തിനായി മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്തും മക്കളും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാഥമിക ഘട്ടത്തിൽ ചെറിയ വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത ശേഷം ഉന്നത ഇടപെടലിനെത്തുടർന്ന് യു.എ.പി.എ അടക്കമുള്ള കരി നിയമങ്ങൾ ചേർത്ത് തടവറയിലടക്കുകയാണ് യു.പി സർക്കാർ ചെയ്തത്. ഹഥ്റസ് സംഭവത്തിൽ വാർത്ത ശേഖരിക്കാൻ പോലും അനുവദിക്കാതെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യം നേരിടുന്ന അപകടകരമായ സാഹചര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.