മാധ്യമസ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരെ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: സംസ്ഥാനത്തെ 12 മാധ്യമസ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരെ കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച റിട്ട് ഹരജി ഹൈകോടതിയിൽ ഫയൽ ചെയ്തു. ശമ്പളം വെട്ടികുറച്ച നടപടിയെയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷാണ് ഹരജി ഫയൽ ചെയ്തത്.
നേരത്തെ യൂണിയൻ കൂടി മുൻകൈയെടുത്ത് ലോക്ഡൗൺ കാലയളവിൽ 53 കോടി രൂപ മാധ്യമങ്ങൾക്ക് പരസ്യ കുടിശ്ശികയിനത്തിൽ കൈമാറിയിരുന്നു. ഈ തുക ജീവനക്കാർക്ക് ശമ്പള കുടിശ്ശികയിനത്തിൽ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്‍റുകളും ഇതിനു തയ്യാറായില്ല. ഇതേ തുടർന്നാണ് യൂണിയൻ കോടതിയെ സമീപിച്ചത്.
പ്രിൻസിപ്പൽ സെക്രട്ടറി, ലേബർ കമീഷണർ, പി.ആർ.ഡി ഡയറക്ടർ, ഡയറക്ടർ ഓഫ് പ്രസ് തുടങ്ങിയവരെ എതിർകക്ഷികളായി ചേർത്താണ് ഹരജി ഫയൽ ചെയ്തത്. അഡ്വ. തമ്പാൻ തോമസ് മുഖാന്തിരം ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് പരിഗണിച്ചത്. വാദത്തിന് മറുപടി നൽകാൻ സർക്കാർ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. തുടർന്ന് കേസ് ജൂൺ 26ലേക്ക് മാറ്റി.
ഇതേയാവശ്യം മുൻനിർത്തി മഹാരാഷ്ട്രയിലെ മാധ്യമ യൂണിയനുകൾ നൽകിയ ഹർജി മഹാരാഷ്ട്ര ഹൈകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. കർണാടകയിലും മാധ്യമപ്രവർത്തകർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.