വേജ് ബോർഡ്: പത്രപ്രവർത്തകർ പാർലമെൻറ് മാർച്ച് നടത്തി
text_fieldsന്യൂഡൽഹി: പുതിയ വേജ് ബോർഡ് രൂപവത്കരിക്കുക, ദൃശ്യ മാധ്യമ പ്രവർത്തകരെ വേജ് ബോർഡ് പരിധിയിൽ ഉൾപ്പെടുത്തുക, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുള്ള അവകാശം സംരക്ഷിക്കുക, മാധ്യമ മേഖലയിലെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പത്രപ്രവർത്തക യൂനിയെൻറ (കെ.യു.ഡബ്ല്യു.ജെ) നേതൃത്വത്തിൽ പത്രപ്രവർത്തകർ പാർലമെൻറ് മാർച്ച് നടത്തി. ഇതോടനുബന്ധിച്ച് ‘സ്വതന്ത്ര മാധ്യമ പ്രവർത്തനവും ജനാധിപത്യവും’ എന്ന വിഷയത്തിൽ ഡൽഹി പ്രസ് ക്ലബ് ഒാഫ് ഇന്ത്യയിൽ സെമിനാറും സംഘടിപ്പിച്ചു.
കേരളത്തിൽനിന്നുള്ള എം.പിമാർ വിഷയം പാർലമെൻറിലും ഉന്നയിച്ചു. പത്രപ്രവർത്തന മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ വേജ് ബോർഡ് രൂപവത്കരിക്കാനും ദൃശ്യമാധ്യമപ്രവർത്തകരെ ജേണലിസ്റ്റ് നിയമപരിധിയിൽ കൊണ്ടുവരാനും നടപടി വേണമെന്ന് പി. കരുണാകരൻ ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. വിഷയം ചർച്ചചെയ്യാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
പാർലമെൻറ് മാർച്ച് ‘പാഞ്ചജന്യ’ എഡിറ്റവും മുൻ രാജ്യസഭാ എം.പിയുമായ തരുൺ വിജയ് ഉദ്ഘാടനം ചെയ്തു. എം.പിമാരായ കെ.വി. തോമസ്, പി. കരുണാകരൻ, എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. ശ്രീമതി, ഇന്നസെൻറ്, എം.ബി.രാജേഷ്, പി.കെ. ബിജു, ജോസ് കെ. മാണി, റിച്ചാർഡ് ഹേ, സി.പി.െഎ നേതാവ് ബിനോയ് വിശ്വം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ ഗഫൂർ, ഡൽഹി ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് എം.കെ. പാണ്ഡെ, ഡൽഹി വുമൻസ് പ്രസ്ക്ലബ് പ്രതിനിധി പി.കെ. രാജലക്ഷ്മി, കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് െഫഡറേഷൻ പ്രസിഡൻറ് ഗോപൻ നമ്പാട്ട് എന്നിവർ പ്രസംഗിച്ചു. കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം പ്രസിഡൻറ് പ്രശാന്ത് രഘുവംശം അധ്യക്ഷത വഹിച്ചു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സി. നാരായണൻ സ്വാഗതവും ഡൽഹി ഘടകം സെക്രട്ടറി എം. പ്രശാന്ത് നന്ദിയും പറഞ്ഞു. സെമിനാറിൽ മാധ്യമ നിരീക്ഷകൻ ശിവ് നാരായണൻ, സി.െഎ.ടി.യു നേതാവും പാർലമെൻറ് അംഗവുമായ തപസ് സെൻ, എച്ച്.എം.എസ് നേതാവ് തമ്പാൻ തോമസ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.