മാധ്യമപ്രവർത്തകർക്ക് മറക്കാനാവില്ല ആ സൗഹൃദം
text_fieldsകോട്ടയം: നഗരത്തിലെ മാധ്യമപ്രവർത്തകരുമായി ഊഷ്മളബന്ധം പുലർത്തിയിരുന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങൾ വളർന്നാലേ ജനാധിപത്യത്തിനും വളർച്ചയുണ്ടാവൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാധ്യമപ്രവർത്തകർക്ക് ഏതുസമയത്തും ബന്ധപ്പെടാൻ സാധിക്കുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരുടെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധപുലർത്തിയിരുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അവസരമൊരുക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മാധ്യമപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും കാലാനുസൃതമായി പെൻഷൻ തുകയിൽ മാറ്റംവരുത്തുന്നതിനും അദ്ദേഹം മുൻകൈയെടുത്തിരുന്നു. കേരളത്തിലെ 14 പ്രസ്ക്ലബുകൾക്കും അവശ്യമായ സഹായങ്ങൾ എത്തിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല.
അധികാരത്തിൽ നിന്നിറങ്ങിയശേഷവും തന്റെ അധികാരം ഉപയോഗിച്ച് സഹായങ്ങൾ തുടർന്നുപോന്നിരുന്നു. കോവിഡ് കാലഘട്ടത്തിൽ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവർക്ക് ഭക്ഷണം, മരുന്ന് പോലുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ മുൻകൈയെടുത്തിരുന്നു. 2021ൽ പുതുപ്പള്ളിയിലെ നിയമസഭ ഇലക്ഷൻ വിജയശേഷം അവസാനമായി മാധ്യമപ്രവർത്തകരുമായി ഒന്നരമണിക്കൂറിലേറെ സമയം ചെലവഴിച്ചിരുന്നു.
കേന്ദ്രസർക്കാർ മാധ്യമങ്ങളുടെമേൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ വിമർശനവും പ്രതിഷേധവും ഉയർന്നത് ഉമ്മൻ ചാണ്ടിയിൽനിന്നാണ്. മാധ്യമപ്രവർത്തകർക്ക് അയിത്തം കൽപിക്കാത്ത രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
കോട്ടയം പ്രസ് ക്ലബിന്റെ പുതിയ ബഹുനില മന്ദിരം നിർമിക്കുന്നതിന് 10 സെന്റ് സ്ഥലം അനുവദിച്ചതും പിന്നീട് മുൻവശത്തുകൂടി പ്രസ് ക്ലബിൽ പ്രവേശിക്കുന്നതിന് പി.ഡബ്ല്യു.ഡി വക 3.5 സെന്റ് സ്ഥലം ഉപയോഗിക്കുന്നതിന് രേഖാമൂലം അനുമതി നൽകുകയും ചെയ്തത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലയളവിലാണ്. ലഭിച്ച സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് സർക്കാറിൽനിന്ന് 70 ലക്ഷം രൂപ അനുവദിച്ചതും ബാക്കി തുക സ്വകാര്യവ്യക്തികളിൽനിന്ന് ശേഖരിച്ചുനൽകിയതും ഉമ്മൻ ചാണ്ടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.