ഒഴുക്കിനെതിരെ നീന്തുന്ന പത്രപ്രവർത്തകർ അസ്തിത്വ ഭീഷണിയിൽ -മുഖ്യമന്ത്രി
text_fieldsകൊച്ചി: ജനകേന്ദ്രീകൃത പത്രപ്രവർത്തനവും ഒഴുക്കിനെതിരെ നീന്തുന്ന പത്രപ്രവർത്തകരും അസ്തിത്വ ഭീഷണി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള മാധ്യമോത്സവം ‘കട്ടിങ് സൗത്ത് -2023’ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ ആവാസവ്യവസ്ഥയിൽ മാത്രമേ മാധ്യമപ്രവർത്തനം നിലനിൽക്കൂ. മാധ്യമപ്രവർത്തനം സാമ്രാജ്യത്വ കേന്ദ്രീകൃതമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ലോകമെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയവും ധനമൂലധനത്തിന്റെ താൽപര്യങ്ങളും മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തുന്നു. ഈ ഘട്ടത്തിൽ ബലികഴിക്കപ്പെടുന്നത് വികസ്വരരാജ്യങ്ങളുടെ താൽപര്യമാണ്. ആ താൽപര്യങ്ങൾ സംരക്ഷിക്കാൻ പുത്തൻ അന്താരാഷ്ട്ര വാർത്താക്രമം ഉണ്ടാകേണ്ടതുണ്ട്. അത്തരമൊരു മാധ്യമ സംസ്കാരം രൂപപ്പെട്ടുവന്നാലേ വികസ്വര രാജ്യങ്ങളുടെ താൽപര്യങ്ങൾ പരിരക്ഷിക്കാനാവൂ. -മുഖ്യമന്ത്രി പറഞ്ഞു.
ദേശീയതലത്തിൽ മാധ്യമങ്ങൾക്കെതിരായ വേട്ട നടക്കുമ്പോൾ സംസ്ഥാനത്തിനകത്തും അത്ര ശുഭകരമായ വാർത്തകളല്ല കേൾക്കുന്നതെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദേശീയ തലത്തിൽ മാധ്യമങ്ങൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളുടെ അതേ വഴിയിലൂടെ കേരളവും സഞ്ചരിക്കരുത്. സെക്രേട്ടറിയറ്റിൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് കയറാനുണ്ടായിരുന്ന അവകാശം നിഷേധിച്ചിരിക്കുകയാണ്. നിയമസഭയിലും മാധ്യമപ്രവർത്തകർക്ക് കാമറയുമായി കയറാനുള്ള അവകാശമില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ധന്യ രാജേന്ദ്രൻ എന്നിവരും സംസാരിച്ചു. തുടർന്ന്, പ്രമുഖ മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യവുമായി ജോസി ജോസഫ് നടത്തിയ ചർച്ച, മാധ്യമ പ്രവർത്തനം ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ വീക്ഷണത്തിൽ, കാലാവസ്ഥയും സുസ്ഥിരതയും വിഷയങ്ങളിലെ ചർച്ച തുടങ്ങിയവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.