എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മർദനം; 20 പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മർദനം. മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർക്കാണ് മർദനമേറ്റത്. കഴുത്തിന് പരിക്കേറ്റ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. മുൻ ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കസബ പൊലീസാണ് കേസെടുത്തത്.ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിലാണ് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാർ രഹസ്യയോഗം ചേർന്നത്. ഗ്രൂപ് യോഗം ചേരുന്ന വിവരം കോൺഗ്രസുകാർ തന്നെയാണ് മാധ്യമപ്രവർത്തകരെ അറിയിച്ചത്.
യോഗത്തിെൻറ ഫോട്ടോയെടുത്തെന്നുപറഞ്ഞ് സാജനെ പ്രവർത്തകർ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് ഹാളിലേക്ക് വലിച്ചിഴച്ച് മർദിക്കുകയുമായിരുന്നു. ഇതിനിടെ, താഴെവീണ സാജനെ ചവിട്ടുകയും ചെയ്തു. കഴുത്തിനു പിടിച്ച് സ്വർണമാല വലിച്ചുപൊട്ടിച്ചു. മൊബൈൽ ഫോണും സംഘം പിടിച്ചെടുത്തു. മാലയുടെ ഒരു കഷണം നഷ്ടപ്പെട്ടു.
സാജനെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് സ്പെഷൽ കറസ്പോണ്ടൻറ് സി.ആർ. രാജേഷ്, കൈരളി ടി.വി. റിപ്പോർട്ടർ മേഘ മാധവൻ എന്നിവർക്കുനേരെയും കൈയേറ്റ ശ്രമമുണ്ടായി. സംഭവമറിഞ്ഞെത്തിയ മനോരമ ന്യൂസ് കറസ്പോണ്ടൻറ് ദീപ്തിഷ് കൃഷ്ണയെയും മർദിച്ചു. മേഘയുടെ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ച കോൺഗ്രസുകാർ പെണ്ണാണെന്ന് നോക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡി.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിലും കെ.പി.സി.സി ഭാരവാഹി പുനഃസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അസംതൃപ്തി എ ഗ്രൂപ്പിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യു. രാജീവെൻറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. മാധ്യമ പ്രവര്‍ത്തകര്‍ യോഗഹാളിന് പുറത്തെത്തിയതോടെ പ്രകോപിതരായി ഇറങ്ങിയ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ജില്ലയിലെ പ്രമുഖ എ ഗ്രൂപ് നേതാക്കളായ കെ.സി. അബു, കെ.പി. ബാബു, ബാലകൃഷ്ണകിടാവ് എന്നിവരെയൊന്നും അറിയിക്കാതെയായിരുന്നു ഒരുവിഭാഗം യോഗം ചേർന്നത് എന്നത് ഗ്രൂപ്പിലും തർക്കങ്ങൾക്കിടയാക്കിയിട്ടുണ്ട്. സംഭവത്തിലെ പ്രതിേഷധം ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാറിനെ അറിയിച്ച മാധ്യമപ്രവർത്തകർ വൈകീട്ട് ഡി.സി.സി ഹാളിൽ വി.ടി. ബൽറാം പങ്കെടുത്ത സെമിനാർ ബഹിഷ്കരിക്കുകയും ചെയ്തു.
ഗ്രൂപ് യോഗമല്ല; കുറ്റക്കാർക്കെതിരെ അഞ്ച് നാൾക്കകം നടപടി –ഡി.സി.സി പ്രസിഡൻറ്
കോഴിക്കോട്: വുഡീസ് ഹോട്ടലില്‍ നടന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗ്രൂപ് യോഗമല്ലെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ അറിവോടുകൂടി നടന്ന നെഹ്റു വിചാരവേദിയുടെ യോഗമായിരുന്നു. എന്നാല്‍, ഇതോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അതിക്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
മാധ്യമങ്ങളെ പരസ്യമായി അപഹസിക്കുന്നതും ആക്രമിക്കുന്നതും കോണ്‍ഗ്രസ് ശൈലിയല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അനിഷ്ടസംഭവത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അപലപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാൻ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ നിർദേശ പ്രകാരം മുന്‍ കെ.പി.സി.സി എക്സിക്യുട്ടിവ് അംഗങ്ങളായ സി.വി. കുഞ്ഞികൃഷ്ണന്, ജോണ്‍ പൂതക്കുഴി എന്നിവരടങ്ങുന്ന അന്വേഷണ കമീഷനെ നിയോഗിച്ചു. ഇവര്‍ മാധ്യമപ്രവര്‍ത്തകരെയും യോഗത്തില്‍ പങ്കെടുത്ത നേതാക്കളെയും നേരില്‍ കണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും -അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം: ശക്തമായ നടപടി വേണം -കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുനേരെ നടക്കുന്ന കൈയേറ്റങ്ങൾ അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് നോക്കിനിൽക്കാനാവില്ലെന്നും ജില്ല പ്രസിഡൻറ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയിൽ വ്യക്തമാക്കി. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് വാ തോരാതെ സംസാരിക്കുന്നവർതന്നെ മാധ്യമപ്രവർത്തകരെ തടയുന്നതും മർദിക്കുന്നതും പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കോൺഗ്രസ് നേതൃത്വം സംഘടനാതലത്തിലും പൊലീസ് നിയമപരമായും നടപടികൾ കൈെക്കാള്ളണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
പ്രസ് ക്ലബിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കെ.യു.ഡബ്ല്യു. ജെ. സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാകേഷ്, സംസ്ഥാന സമിതി അംഗം ജിനേഷ് പൂനത്ത്, സി.ആർ. രാജേഷ്, ബി.എസ്. മിഥില എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.