കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ വനിത സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ അല്ല കാരണം; സൈബർ അറ്റാക്കിൽ പ്രതികരണവുമായി ജോയ് മാത്യു
text_fieldsഫെഫ്ക റൈറ്റേഴ്സ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പരാജയപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി നടൻ ജോയ് മാത്യു. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിത സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല തന്‍റെ ക്രൂശീകരണത്തിന് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. അതിനാൽ കമ്മി കൃമികളേ ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്ത് ശീലിക്കൂവെന്നും അതിനായി നാലക്ഷരം വായിക്കൂവെന്നും ജോയ് മാത്യു ഉപദേശിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ജനാധിപത്യം എന്ന് കേൾക്കുമ്പോൾ പാർട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങൾ ഞാൻ സിനിമ എഴുത്ത് തൊഴിലാളി യൂനിയനിൽ (ഫെഫ്ക) മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു. എതിരാളി ശക്തനും പ്രതിഭാധനനും ദീർഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലാത്ത സംഘടനയല്ല എന്നും എതിർ ശബ്ദങ്ങൾ, അത് തീരെച്ചെറുതാണെങ്കിൽപ്പോലും കേൾപ്പിക്കണം എന്നുമുള്ള ഉദ്ദേശത്തിൽ തന്നെയാണ്.
ആ അർഥത്തിൽ 72 പേരിലെ 21 പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തരികയാണ് ചെയ്തത്. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയൽവീട്ടിലെ വനിത സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ ലോറിയിൽ ടൺകണക്കിന് ലഹരി വസ്തുക്കൾ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിന് കാരണം.
ഞാൻ എന്റെ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു; അതിനെ പിന്തുണക്കാൻ ആളുകളുണ്ട് എന്നതു മാത്രമാണ്. വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങൾ
രണ്ടാമതാണ്. അതിനാൽ കമ്മി കൃമികളേ ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ. അതിനായി നാലക്ഷരം വായിക്കൂ. പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങൾക്ക് ഇത് സമർപ്പിക്കുന്നു.
"ഭൂരിപക്ഷത്തിൻ വരം നേടും ജയത്തേക്കാൾ
നേരിനൊപ്പം നിന്നു തോൽക്കുന്നതാണെനിക്കിഷ്ടം"
- വിഷ്ണുനാരായണൻ നമ്പൂതിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.