ഇ-ബുൾ ജെറ്റ് പൊളിയാണെന്ന് ജോയ് മാത്യു; പലരുടെയും സന്തോഷത്തിന് കാരണം അവർക്ക് പണി കിട്ടിയതിൽ -ഹരീഷ് ശിവരാമകൃഷ്ണൻ
text_fieldsമോട്ടോർ വാഹനവകുപ്പ് ഓഫിസിൽ അതിക്രമം കാണിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരൻമാർക്ക് പിന്തുണയുമായി നടൻ ജോയ് മാത്യുവും ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും.
'കുട്ടികൾ ചില്ലറക്കാരല്ല, ഈ ബുൾ ജെറ്റ് പൊളിയാണ്. മാമൂൽ സാഹിത്യവും മാമാ പത്രപ്രവർത്തനവും ഈ പിള്ളേർ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്‍റെ മണമുണ്ട്' -ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
പലരുടെയും സന്തോഷത്തിന് കാരണം അവർക്ക് പണി കിട്ടി എന്നതിനാലാണെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. 'മോഡിഫൈഡ് വണ്ടിക്ക് പൊലീസ് ഫൈൻ അടിച്ചു എന്നതാണോ അതോ ആ ഫ്രീക്ക് പിള്ളേർക്ക് ഒരു പണി കിട്ടി എന്നതിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസ്സിലായില്ല.
നിയമം തെറ്റിച്ചാ ഫൈൻ കിട്ടും, കിട്ടണം. വണ്ടി തോന്നിയ പോലെ മോഡിഫൈ ചെയ്താൽ എം.വി.ഡി ഫൈൻ അടിക്കും. എന്‍റെ കൗതുകം വേറേ ആണ് - പലയിടത്തും കൺവെൻഷനിൽ നിന്ന് മാറി സഞ്ചരിച്ചവർക്ക് ഒരു പണി കിട്ടിയതിലുള്ള ഒരു ക്രൂരമായ സംതൃപ്തി ആണ് പലർക്കും എന്ന് തോന്നി പോവുകയാണ്.
എല്ലാ നിയമ ലംഘനവും കാണുമ്പോ ഉണ്ടാവാത്ത ഒരു പ്രത്യേകതരം നിയമ സ്നേഹം പലയിടത്തും കാണുമ്പോ പഴയ ഒരു കാര്യമാണ് ഓർമ വന്നത്. പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോ സൈലൻസർ മോഡിഫൈ ചെയ്ത ബുള്ളറ്റ് കാണുമ്പോ പല അമ്മാവന്മാർക്കും 'ഇവനെ പൊലീസിൽ പിടിപ്പിക്കണം...' എന്ന് തോന്നാറുണ്ടായിരുന്നു. ശബ്ദ മലിനീകരണം ആണ് കാരണം എന്നൊക്കെ അവർ തള്ളാറുണ്ടായിരുന്നെങ്കിലും, യഥാർത്ഥ കാരണം ഈ 'ചെത്തു' പിള്ളേരെ ഒന്നു നിലയ്ക്കുന്നു നിർത്തണം എന്ന യൗവനം നഷ്ടപ്പെട്ടവരുടെ ചൊരുക്ക് ആയിരുന്നു.
ഇപ്പോഴത്തെ ഓരോ ട്രോൾ കണ്ടപ്പോൾ ആ അമ്മാവന്മാരെ ഓർമ വന്നു അത്രേ ഉള്ളു... ഇ ബുൾ ജെറ്റ് എന്താണെന്ന് എനിക്കറിയില്ല. ഇ ബുൾ ജെറ്റിന് പിന്തുണയുമായി കവർ ഗായകൻ ഹരീഷ് ശിവരാമൻ എന്ന് ദയവായി ലേഖനം എഴുതരുത്. സ്വന്തമായി ഒരു cow jet പോലും എനിക്ക് ഇല്ല' -ഹരീഷ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.