ജോയിയുടെ മരണം: മോർച്ചറിക്കു മുന്നിൽ വിങ്ങിപ്പൊട്ടി മേയർ ആര്യ രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ശുചീകരണത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച ജോയിയെ രക്ഷിക്കാൻ സാധിക്കാതിരുന്നതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യ രാജേന്ദ്രൻ. ജോയിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച് മോർച്ചറിക്കു മുന്നിൽ നിൽക്കുമ്പോഴാണ് ആര്യ വിങ്ങിപ്പൊട്ടിയത്.
‘മറ്റൊന്നും വിശ്വസിക്കാൻ നമുക്ക് പ്രയാസമായിരുന്നു. മൂന്നു ദിവസം ആത്മാർത്ഥമായി നമ്മൾ നിന്നു....’ എന്ന് പറയവെ ആര്യ വിങ്ങിപ്പൊട്ടി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അടക്കമുള്ളവർ ആര്യയെ ആശ്വസിപ്പിച്ചു. ജീവനോടെ രക്ഷിക്കാൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ആര്യ പറഞ്ഞു.
കാണാതായി 46 മണിക്കൂറിനുശേഷം ഇന്ന് രാവിലെയാണ് മാരായമുട്ടം സ്വദേശി ജോയിയുടെ (47) മൃതദേഹം കണ്ടെത്തിയത്. ആമയിഴഞ്ചാന്‍ തോട്ടില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് ജോയിയെ കാണാതായിരുന്നത്. തകരപ്പറമ്പ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലിലെ മാലിന്യത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം പൊങ്ങുകയായിരുന്നു. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഈ സമയം ആമയിഴഞ്ചാന്‍ തോട്ടില്‍ സ്കൂബാ സംഘവും നാവികസേനാ സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു.
എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചിലിനിറങ്ങിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മാലിന്യക്കൂമ്പാരവും ചെളിയുമാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.