ജോയിയുടെ മരണം സംഭവിക്കാൻ പാടില്ലാത്ത ദുരന്തം; പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു -എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനായി ഇറങ്ങിയ ജോയിയുടെ മരണം ഒരുതരത്തിലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമെന്ന് മന്ത്രി എം.ബി. രാജേഷ്. ഇത്തരം ദുരന്തങ്ങൾ ഒരിക്കലും ആവർത്തിക്കാനും പാടില്ല. എന്നാൽ ഒരുനാടു മുഴുവൻ ജോയിയുടെ ജീവനായി തിരയുമ്പോൾ രാഷ്ട്രീയ മുതലെടുപ്പിനായി ചിലർ ശ്രമിച്ചെന്നും എം.ബി. രാജേഷ് ആരോപിച്ചു.
തിരച്ചിൽ നടന്നുകൊണ്ടിരിക്കവെ, ഇന്നലെ പ്രതിപക്ഷ നേതാവ് സർക്കാരിനെ അധിക്ഷേപിച്ച് സംസാരിച്ചു. നാടുമുഴുവൻ ജോയിയെ തിരയുമ്പോൾ അദ്ദേഹത്തിന് പ്രതികരിക്കാൻ കുറച്ചു കൂടി കാത്തിരിക്കാമായിരുന്നു. ഒരു ദുരന്തമുണ്ടാകുമ്പോൾ അതിൽ നിന്ന് കിട്ടുന്ന രാഷ്ട്രീയ മുതലെടുപ്പിനായി ചാടി വീഴുന്നത് പരിഷ്‍കൃത സമൂഹത്തിന് ഭൂഷണമാണോ എന്നകാര്യം ആലോചിക്കേണ്ടതാണെന്നും മന്ത്രി സൂചിപ്പിച്ചു.
ആരോപണങ്ങളിൽ ആരെയും പഴിചാരാൻ ഉദ്ദേശിച്ചല്ല, ഇല്ലാത്ത ഉത്തരവാദിത്തം കൂടി സർക്കാരിന്റെ തലയിൽ വരുമ്പോൾ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ മാത്രമാണ് ശ്രമിക്കുന്നത്. കോർപറേഷനോ, സർക്കാരിനോ നേരിട്ട് ഇടപെടാൻ അധികാരമില്ലാത്ത റെയിൽവേ ഭൂമിയിലാണ് അപകടം നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജോയിയെ കണ്ടെത്താനായി സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.