ജോയ്‌സ് ജോര്‍ജ് ഭൂമി വിവാദം: വ്യാജരേഖ ചമച്ചതിന് തെളിവ് കൈമാറും -ഡീന്‍ കുര്യാക്കോസ്
text_fieldsകൊച്ചി: ഇടുക്കി കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി വ്യാജരേഖ ചമച്ച് ഭൂമി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും എത്രയും പെട്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയ്‌സ് ജോര്‍ജിന് ഭൂമി പിതൃസ്വത്തായി ലഭിച്ചതാണെന്ന വാദം തെറ്റാണ്. തമിഴ് പട്ടികജാതിക്കാരില്‍ നിന്ന് പവര്‍ ഓഫ് അറ്റോണി എഴുതി വാങ്ങിയാണ് ജോയ്‌സ് ജോര്‍ജിെൻറ പിതാവ് ഭൂമി സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിന് പണം നല്‍കി ജോയ്‌സ് ജോര്‍ജ് ഭൂമി സ്വന്തമാക്കിയതായാണ് രേഖകളിലുള്ളതെന്നും ഡീൻ പറഞ്ഞു.
ഭൂമി ഇടപാടില്‍ ജോയ്‌സ് ജോര്‍ജ് നടത്തിയത് വ്യാജരേഖ ചമക്കലാണ്. ജനപ്രതിനിധിയെന്ന നിലയില്‍ തുടരാന്‍ അവകാശമില്ല. ക്രിമിനല്‍ കേസ് എടുക്കണം. പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണം. എം.പിയെ വെള്ളപൂശാന്‍ സി.പി.ഐ ശ്രമിക്കുന്നത് എം.എം. മണിയുടെ ഭീഷണിയുള്ളതിനാലാണ്. തമിഴ് പട്ടികജാതിക്കാരെ കരുവാക്കി ജോയ്‌സ് ജോര്‍ജിനെ രക്ഷപ്പെടുത്താനാണ് റവന്യൂമന്ത്രി ശ്രമിക്കുന്നത്. എം.പിയെ സംരക്ഷിച്ച് മന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്. നടപടി വൈകിപ്പിക്കാൻ എം.പിയടക്കമുള്ളവർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കരുതുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.