കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹം: ഭർത്താവിനൊപ്പം പോകണമെന്ന് പെൺകുട്ടി
text_fieldsകൊച്ചി: കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹത്തിലെ പെൺകുട്ടി ജോയ്‌സ്‌ന ഭർത്താവിനൊപ്പം പോകാനുള്ള താൽപര്യം അറിയിച്ചതിനെ തുടർന്ന് പിതാവിന്‍റെ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തീർപ്പാക്കി. ജോയ്‌സ്‌നയെ കാണാനില്ലെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി ജോയ്സ്നയുടെ പിതാവ് ജോസഫ് നൽകിയ ഹരജിയിൽ പെൺകുട്ടിയെ ഹാജരാക്കാൻ ഏപ്രിൽ 12ന് കോടതി ഉത്തരവിട്ടിരുന്നു.
ചൊവ്വാഴ്ച കോടതിയിൽ ഹാജരായ ജോയ്‌സ്‌നയുമായി കേസ് പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ സംസാരിച്ചു. ഭർത്താവ് ഷെജിനൊപ്പം പോകാനാണ് താൽപര്യമെന്ന് പെൺകുട്ടി അറിയിച്ചതോടെ കോടതി ഇതിന് അനുമതി നൽകി. തുടർന്ന് ഹരജിയിലെ തുടർനടപടി അവസാനിപ്പിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ആരും നിർബന്ധിച്ചിട്ടില്ലെന്നും ജോയ്‌സ്‌ന കോടതിയിൽ പറഞ്ഞു. മാതാപിതാക്കളുമായി സംസാരിക്കണോയെന്ന് കോടതി ചോദിച്ചപ്പോൾ ഇപ്പോൾ താൽപര്യമില്ലെന്നും പിന്നീട് സംസാരിക്കാമെന്നുമായിരുന്നു മറുപടി. തന്നെയാരും തടവിലാക്കിയിട്ടില്ല. ഷെജിനൊപ്പം പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് യുവതിയുടെ മൗലികാവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നുകാട്ടി ഷെജിനൊപ്പം പോകാൻ അനുവദിച്ചത്.
സ്പെഷൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷയുടെ പകർപ്പ് ഷെജിൻ ഹാജരാക്കിയിരുന്നു. ജോയ്‌സ്‌ന നേരത്തേ താമരശ്ശേരി കോടതിയിൽ ഹാജരായി സ്വന്തം ഇഷ്ടത്തിനാണ് ഷെജിനൊപ്പം പോയതെന്ന് അറിയിച്ചെന്ന് സർക്കാർ അഭിഭാഷകനും ബോധിപ്പിച്ചു. ദുഃസ്വാധീനത്താലാണ് ജോയ്‌സ്‌ന ഇങ്ങനെ പറയുന്നതെന്നും വിദേശത്തേക്ക് മകൾ പോകുന്നത് തടയണമെന്നും ഈ ഘട്ടത്തിൽ പിതാവിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു കോടതി തയാറായില്ല. രക്ഷിതാവിന്‍റെ സാഹചര്യം മനസ്സിലാകുമെങ്കിലും ഇടപെടാൻ പരിമിതിയുണ്ടെന്ന് കോടതി വാക്കാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.