എട്ടുമാസത്തിനിടെ നാല് തൂക്കുകയർ; ശ്രദ്ധനേടി ജഡ്ജി എ.എം.ബഷീർ
text_fieldsതിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ച് നിയമലോകത്ത് ശ്രദ്ധനേടുകയാണ് നെയ്യാറ്റിൻകര ജില്ല അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ. എട്ടുമാസത്തിനിടെ, നാലാമത്തെ കുറ്റവാളിക്കാണ് എ.എം. ബഷീർ വധശിക്ഷ വിധിക്കുന്നത്. 2024 മേയിൽ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലാണ് എ.എം. ബഷീർ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്നുപേർക്കാണ് അന്ന് തൂക്കുകയർ വിധിച്ചത്. ഇപ്പോൾ ഗ്രീഷ്മ കൂടിയായതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലിൽ കഴിയുന്ന രണ്ടു സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഒരേ ന്യായാധിപനെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാകുറ്റവാളിയാണ് ഗ്രീഷ്മ. 24 വയസ്സേയുള്ളൂവെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും പഠിക്കാൻ മിടുക്കിയാണെന്നുമുള്ള വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ശിക്ഷാവിധി. ന്യായാധിപൻ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ.എം. ബഷീർ.
കോഴിക്കോട് ഗവ. ലോ കോളജില്‍ വിദ്യാർഥിയായിരിക്കെ, രചിച്ച ഒരു പോരാളി ജനിക്കുന്നു ആണ് അദ്ദേഹത്തിന്‍റെ ആദ്യകഥാസമാഹാരം. ഉറുപ്പ (നോവല്‍), റയട്ട് വിഡോസ് (ഇംഗ്ലീഷ് നോവല്‍), പച്ച മനുഷ്യന്‍ (നോവല്‍), ജംറ (സഞ്ചാര സാഹിത്യം), ജെ കേസ് (ഇംഗ്ലീഷ് കേസ് സ്റ്റഡി) എന്നീ കൃതികളുടെയും രചയിതാവാണ്.
തൃശൂര്‍ വടക്കാഞ്ചേരിയില്‍ മച്ചാട് അമ്മണത്ത് മൊയ്തുണ്ണിയുടെയും ഹവ്വാവുമ്മ ഹജ്ജുമ്മയുടെയും മകനാണ്. വടക്കാഞ്ചേരിയില്‍ അഭിഭാഷകനായിരിക്കെ, 2002ല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായി. തുടര്‍ന്ന്, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. എറണാകുളം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയായിരിക്കെ, 2018ലെ പ്രളയ കാലത്ത് നടത്തിയ ഇടപെടല്‍ ദേശീയശ്രദ്ധ നേടിയിരുന്നു. ഭാര്യ: സുമ. മക്കള്‍ അസ്മിന്‍ നയാര, ആസിം ബഷീര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.