കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ വിധിയെഴുത്ത്
text_fieldsജനങ്ങളെ കബളിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്രത്തിന്റെ ജനവിരുദ്ധ, വർഗീയ നിലപാടുകൾക്കെതിരെയാണ് പോരാട്ടം. അധികാരത്തിലെത്തിയാൽ കള്ളപ്പണം പിടിച്ചെടുക്കുമെന്നും പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും പറഞ്ഞ് പറ്റിച്ച ബി.ജെ.പി കുത്തക മുതലാളിമാർക്ക് പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുകയാണ്.
ഇന്ധനവില കുറക്കുമെന്ന് പറഞ്ഞവർ ക്രൂഡോയിൽ വില ഉയരാത്തപ്പോഴും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കയറ്റുകയാണ്. കേരളത്തിൽ ഇടതു സർക്കാർ മാവേലി സ്റ്റോർ എന്ന സങ്കൽപം തന്നെ ഇല്ലാതാക്കുകയാണ്. ഇന്ധന വില വർധനവുണ്ടാകുമ്പോൾ ഉമ്മൻചാണ്ടി സർക്കാർ നികുതിലാഭം വേണ്ടെന്ന് വെച്ചിരുന്നു.
എൽ.ഡി.എഫ് സർക്കാർ നികുതിക്കൊപ്പം സെസും ഏർപ്പെടുത്തുകയാണ്. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാമൂഹികക്ഷേമ പെൻഷനുകളും ഡി.എയും കുടിശ്ശികയാണ്.
സി. രഘുനാഥ് വെല്ലുവിളിയല്ല
മുൻ കോൺഗ്രസ് നേതാവ് സി. രഘുനാഥ് പാർട്ടി വിട്ട് എൻ.ഡി.എ സ്ഥാനാർഥിയായത് വെല്ലുവിളിയല്ല. കെ. സുധാകരൻ കണ്ണൂരിൽ സ്ഥാനാർഥിയാകുമ്പോൾ ഒരു കോൺഗ്രസ് വോട്ടുപോലും ചോരില്ല. എല്ലാ സ്ഥാനമാനങ്ങളും നേടി പാർട്ടിവിടുന്നവരെ കുറിച്ച് സി.കെ. പത്മനാഭൻ പറഞ്ഞതുതന്നെയാണ് പറയാനുള്ളത്. സുധാകരൻ വീണ്ടും കണ്ണൂരിൽ സ്ഥാനാർഥിയായതോടെ പ്രവർത്തകർ ആവേശത്തിലാണ്. പ്രചാരണത്തിൽ മുന്നിട്ടുനിൽക്കുകയാണ്.
വിമാനത്താവളത്തിനായി മുന്നിലുണ്ടാവും
കണ്ണൂർ വിമാനത്താവളത്തിൽ പോയന്റ് ഓഫ് കോൾ പദവിക്കായി ഒരുപാട് ശ്രമങ്ങൾ കെ. സുധാകരനും കോൺഗ്രസും പാർലമെന്റിൽ നടത്തിയിട്ടുണ്ട്. മട്ടന്നൂർ നഗരത്തോട് ചേർന്നുള്ള വിമാനത്താവളം ഗ്രാമപ്രദേശത്താണെന്ന കാരണം പറഞ്ഞാണ് പോയന്റ് ഓഫ് കോൾ പദവി നൽകാതിരിക്കുന്നത്.
നേരത്തെ ഇവിടെ അന്താരാഷ്ട്ര വിമാനങ്ങൾ വിജയകരമായി ഇറക്കിയതാണ്. കണ്ണൂർ വിമാനത്താവളത്തെ തളർത്തി അദാനിക്ക് വിൽക്കാനുള്ള നീക്കം സംശയിക്കേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര വിമാനങ്ങൾ കണ്ണൂരിലിറക്കാൻ കോൺഗ്രസ് മുന്നിലുണ്ടാവും.
ബി.ജെ.പി ബന്ധം അസംബന്ധം
കെ. സുധാകരനെ പോലൊരാൾ ബി.ജെ.പിയിൽ പോകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. സി.പി.എമ്മും മാധ്യമങ്ങളും നടത്തുന്നത് വ്യാജപ്രചാരണമാണ്. ഇതൊന്നും തെരഞ്ഞെടുപ്പിൽ ഏശില്ല. ജനാധിപത്യ ധ്വംസനം ചൂണ്ടിക്കാണിക്കാനായി കണ്ണൂരിൽ ആർക്കൊക്കെ സംരക്ഷണം നൽകിയെന്ന് വിശദീകരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുകയാണ്. അക്രമരാഷ്ട്രീയത്തിനെതിരായ നിലപാടാണ് കോൺഗ്രസും സുധാകരനും സ്വീകരിച്ചത്.
(തയാറാക്കിയത് സന്ദീപ് ഗോവിന്ദ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.