ഫോൺകെണി വിവാദം: ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോൺകെണി വിവാദം സംബന്ധിച്ച ജസ്റ്റിസ് പി.എസ് ആന്‍റണി കമീഷൻ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത റിപ്പോർട്ടിൽ ഉള്ളതായാണ് ലഭിക്കുന്ന വിവരം.
ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് ശിപാർശ ചെയ്തതായി ജസ്റ്റിസ് ആന്‍റണി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വാണിജ്യ താൽപര്യങ്ങൾക്ക് വേണ്ടിയല്ല പൊതു താൽപര്യങ്ങൾക്ക് വേണ്ടിയാണ് മാധ്യമങ്ങൾ നിലകൊള്ളണ്ടത്. കേസിലെ മാധ്യമ ധർമത്തെപറ്റി ചിന്തിക്കണ്ടത് അവർ തന്നെയാണ്. മാധ്യമങ്ങളെ പറ്റി തനിക്ക് മോശം അഭിപ്രായമില്ല. മാധ്യമങ്ങള്‍ക്ക് ഒരു സ്വയം നിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയന്ത്രിക്കാന്‍ ഒരു സ്ഥാപനം ആവശ്യമാണെന്നാണ് തന്റെ അഭിപ്രായം. റിപ്പോർട്ടിന്‍റെ പകർപ്പ് കേന്ദ്ര സർക്കാറിനും പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യക്കും കൈമാറാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി.
പൂർണമായും ടേംസ് ഒാഫ് റഫറൻസിൽ നിന്നു കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്. കേസിലെ പരാതിക്കാരിയോട് നിരവധി തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായിട്ടില്ല. കമീഷൻ ഒരു തുറന്ന വേദിയാണ്, ആർക്കും സമീപിക്കാൻ കഴിയും. എന്നാൽ, അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ഒരു രാഷ്ട്രീയക്കാർ അഭിപ്രായവുമായി മുന്നോട്ട് വന്നിട്ടില്ലെന്നും ജസ്റ്റിസ് ആന്‍റണി വ്യക്തമാക്കി.
അതേസമയം, ആരോപണം സംബന്ധിച്ച അന്വേഷണം കമീഷൻ വേഗത്തിൽ പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.