ജഡ്ജിമാരുടെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസ്; കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ജുഡീഷ്യൽ ഉത്തരവ് സാധ്യമല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: കോടതിയിൽ ജഡ്ജിമാരുടെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണെന്നും ഹൈകോടതിയിൽ കേസുകൾ ലിസ്റ്റ് ചെയ്യേണ്ട രീതി സംബന്ധിച്ച് വ്യക്തമായ കാരണങ്ങളില്ലാതെ ജുഡീഷ്യൽ ഉത്തരവ് സാധ്യമല്ലെന്നും ഹൈകോടതി. ഹൈകോടതി ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചിൽ ഒരുദിവസം 20 കേസ് മാത്രമാണ് പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയും കേസ് ലിസ്റ്റ് ചെയ്യുന്നതിൽ പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും അഭിഭാഷകനായ യശ്വന്ത് ഷേണായ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.
കോടതിയുടെ ബെഞ്ചുകൾ രൂപവത്കരിക്കാനും കേസുകൾ അനുവദിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമാണെന്നും മറ്റ് ജഡ്ജിമാർക്കൊന്നും രജിസ്ട്രിയിൽ ഇടപെട്ട് കേസിന്‍റെ പട്ടിക വെട്ടിക്കുറക്കാനാവില്ലെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ഓരോ ജഡ്ജിയും തങ്ങളുടെ മുന്നിലുള്ള കേസുകളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തുന്നത് ഹൈകോടതിയുടെ സ്വാഭാവിക മരണത്തിനിടയാക്കുമെന്നും കെട്ടിക്കിടക്കുന്ന കേസുകൾ ജുഡീഷ്യറിയുടെ നട്ടെല്ല് തകർത്തുവെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
എന്നാൽ, പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണെന്ന് കോടതി വ്യക്തമാക്കി. അന്തിമ വാദത്തിന് കേസുകൾ കേൾക്കുന്ന ജഡ്ജി എല്ലാ ദിവസവും നിരവധി കേസുകൾ പരിഗണിക്കണമെന്ന് പറയാനാവില്ല. ഒരു അപ്പീലിൽ വാദം കേൾക്കാൻ ചിലപ്പോൾ ഒരുദിവസം മുഴുവൻ വേണ്ടിവന്നേക്കാം. 1971ലെ കേരള ഹൈകോടതിയുടെ ചട്ടത്തിലെ റൂൾ 92 പ്രകാരം ചീഫ് ജസ്റ്റിസ് റോസ്റ്റർ നിശ്ചയിച്ചു കഴിഞ്ഞാൽ, ഏൽപിക്കപ്പെട്ട കേസുകൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ബന്ധപ്പെട്ട ജഡ്ജിക്ക് നിർദേശങ്ങൾ നൽകാം.
ഹൈകോടതിയിൽ കേസുകളുടെ ദൈനംദിന ലിസ്റ്റിങ്ങിന്‍റെ ചുമതല രജിസ്ട്രിക്കാണെന്നും ഏറെ പഴക്കമുള്ള കേസുകൾക്ക് മുൻഗണന നൽകാറുണ്ടെന്നും രജിസ്ട്രാർ ജനറൽ നേരത്തേ അറിയിച്ചിരുന്നു. കേസുകളുടെ ലിസ്റ്റിങ് നടപടിക്രമം ചോദ്യംചെയ്ത് അഭിഭാഷകൻതന്നെ ഹരജി നൽകിയതിലൂടെ സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശമെന്തെന്ന് കോടതി ആരാഞ്ഞു.
ജഡ്ജിമാരും അഭിഭാഷകരുമായി ബന്ധപ്പെട്ട് ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കാൻ മറ്റ് ഒട്ടേറെ മാർഗങ്ങളുണ്ടെന്നിരിക്കെ, ജുഡീഷ്യറിയെയും ജഡ്ജിമാരെയും അവഹേളിക്കുന്നതിലൂടെ പ്രശസ്തനാകാനും വാർത്താപ്രാധാന്യം നേടാനുമുള്ള താൽപര്യത്തോടെ ഇത്തരമൊരു ഹരജി നൽകിയതിനെ അംഗീകരിക്കാനാവില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ഹരജിക്കാരന് പിഴ ചുമത്താവുന്നതാണ്. കേസിന്‍റെ വാദത്തിനിടെ മോശമായി പെരുമാറിയെന്ന ജസ്റ്റിസ് മേരി ജോസഫിന്‍റെ റിപ്പോർട്ടിന്മേൽ യശ്വന്ത് ഷേണായിക്കെതിരായ കോടതിയലക്ഷ്യ ഹരജിയും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.