എ.ഡി.ജി.പിയുടെ റിപ്പോർട്ട് അംഗീകരിക്കില്ല; പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം -കെ. മുരളീധരൻ
text_fieldsതൃശൂർ: പൂരം കലക്കിയതിനെ കുറിച്ചുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ. മുരളീധരൻ. പൂരം താറുമാറായതിന്റെ നേട്ടം ലഭിച്ചവരും പറയുന്നത് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ്. പൂരം കലങ്ങിയത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.
വിശ്വാസ്യതയില്ലാത്തതാണ് അജിത് കുമാറിന്റെ റിപ്പോർട്ട്. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് വാശിപിടിക്കുന്നതെന്ന് കെ. മുരളീധരൻ ചോദിച്ചു. പൂരം കലങ്ങിയതാണ് തൃശൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിയത്. എങ്ങനെ കേരളത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാം എന്നത് സംബന്ധിച്ചാണ് അജിത്കുമാർ -ആർ.എസ്.എസ് ചർച്ച നടന്നത്. തൃശൂർ പൂരം ഇല്ലെങ്കിൽ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കുറച്ചുനേരത്തെ നടന്നേനെ. പൂരത്തിന് വേണ്ടിയാണ് അത് നീട്ടിയത്.
തിരുവനന്തപുരത്ത് ആ സമയത്ത് പൂരം ഒന്നുമുണ്ടായില്ല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു. അല്ലെങ്കിൽ അതും കലക്കിയേനെ. വിഷയത്തിൽ സിപിഎമ്മിന് ഗുണം ലഭിച്ചു എന്നതിന്റെ തെളിവാണ് കരുവന്നൂർ കേസിൽ അനക്കം ഇല്ലാത്തത്. ഒരു എംപിയെ കിട്ടിയതിന്റെ നന്ദി ആണോ?
പൂരം കലങ്ങിയ സമയത്ത് ബി.ജെ.പി സ്ഥാനാർഥി വന്നത് ആംബുലൻസിലാണ്. മൃതദേഹമെല്ലാം കൊണ്ടുവരുന്ന വാഹനമാണ് ആംബുലൻസ്. പരിപാവനമായ സ്ഥലത്ത് ആ സമയത്ത് ആംബുലൻസ് വരേണ്ടതുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ട്. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട്.
പൂരം ഏകോപനത്തിൽ കമ്മീഷണർക്ക് വീഴ്ച പറ്റി. പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നും എഡിജിപി എം.ആർ അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ലെന്നായിരുന്നു വി.എസ്. സുനിൽ കുമാറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.