ജൂലൈ ഒന്ന് മുതൽ റിസർവേഷൻ സമ്പ്രദായത്തിൽ പരിഷ്കാരത്തിനൊരുങ്ങി റെയിൽവേ
text_fieldsപാലക്കാട്: ജൂലൈ ഒന്നുമുതല്‍ റിസര്‍വേഷന്‍ സമ്പ്രദായത്തില്‍ സമഗ്ര പരിഷ്കാരത്തിനൊരുങ്ങി റെയില്‍വേ. തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് 50 ശതമാനം പണം തിരികെ നല്‍കുക, വെയ്റ്റിങ് ലിസ്റ്റ് റദ്ദാക്കി, കണ്‍ഫേം, ആര്.എ.സി ടിക്കറ്റുകള്‍ മാത്രം ലഭ്യമാക്കുക തുടങ്ങിയ പ്രധാന പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നതെന്ന് ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.ആർ.സി.ടി.സിയാണ് പരിഷ്കാരം നടപ്പാക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണം റെയില്‍വേ നല്‍കിയിട്ടില്ല. തത്കാല്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാറില്ല.
എയര്‍കണ്ടീഷന്‍ ക്ലാസുകളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ട സമയക്രമത്തിലും മാറ്റം വരുത്തും. ജൂലൈ ഒന്നുമുതല്‍ രാവിലെ 10 മുതല്‍ 11 വരെയായിരിക്കും എ.സി കോച്ചുകളിലെ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. സ്ലീപ്പര്‍ കോച്ചുകളിലെ തത്കാല്‍ ബുക്കിങ് പഴയപടി തുടരും. വെയ്റ്റിങ് ലിസ്റ്റ് നിര്‍ത്തലാക്കുകയാണ് മറ്റൊരു പരിഷ്കാരം. ജൂലൈ ഒന്നുമുതല്‍ ബർത്ത് ഉറപ്പായ ടിക്കറ്റുകളും (കൺഫേം) ആര്.എ.സി ടിക്കറ്റുകളും മാത്രമായിരിക്കും റെയില്‍വേ നല്‍കുക.
രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് സൂചന. ഈ ട്രെയിനുകളില്‍ പേപ്പര്‍ ടിക്കറ്റുകള്‍ ഒഴിവാക്കി ഡിജിറ്റല്‍ ടിക്കറ്റുകള്‍ നടപ്പാക്കും. പാസഞ്ചര്‍ ടിക്കറ്റുകളിലടക്കം യാത്രക്കാരെ ഉണര്‍ത്താനുള്ള അലാറം സംവിധാനം ഒരുക്കും. എന്നാൽ, വെയ്റ്റിങ് ലിസ്റ്റ് നിര്‍ത്തലാക്കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. സാധാരണ ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള ചുരുങ്ങിയത് 10 പേര്‍ക്കെങ്കിലും യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതിന് മുമ്പ് ടിക്കറ്റ് ലഭിക്കാറുണ്ട്. ജൂലൈ ഒന്നുമുതല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ആ ഒഴിവിലേക്ക് മറ്റ് യാത്രക്കാരെ പരിഗണിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകും. ഇത് റെയിൽവേക്ക് സാമ്പത്തിക നഷ്ടവും വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.