വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് ആറ്റിൽ ചാടി; യുവാവിനെ കാണാതായി
text_fieldsആറാട്ടുപുഴ: പൊലീസിനെ കണ്ട് ആറ്റിൽ ചാടിയ യുവാവിനെ കാണാതായി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി തറപ്പാട്ട് ലക്ഷം വീട്ടിൽ പ്രകാശിന്റെ മകൻ നന്ദ ഗോപാലിനെയാണ് (23) കാണാതായത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന് വടക്കുഭാഗത്തായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കളോടൊപ്പം ആറിന്റെ അരികിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ ബൈക്കിൽ മഫ്തിയിൽ താമസസ്ഥലത്തേക്ക് പോയ തൃക്കുന്നപ്പുഴ എസ്.ഐയെ കണ്ട് നന്ദു ആറ്റിൽ ചാടുകയായിരുന്നു.
മറുകരയിലേക്ക് നീന്തുന്നതിനിടെ ഇടക്കുവെച്ച് ഒഴുക്കിൽപെട്ട് താഴ്ന്നുപോയെന്നാണ് പൊലീസ് നൽകുന്ന വിവരം. അഗ്നിരക്ഷാസേനയും നാട്ടുകാരും വൈകീട്ട് ആറരവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിൽ ഇന്നും തുടരും.
കടലിൽ മുങ്ങിയ ഫൈബർ വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി
അഴീക്കോട്: മത്സ്യബന്ധനത്തിനിടെ തകർന്ന് ആഴക്കടലിൽ മുങ്ങിക്കൊണ്ടിരുന്ന വള്ളത്തിലെ നാല് തൊഴിലാളികളെ മത്സ്യവകുപ്പിന്റെ സുരക്ഷ ബോട്ട് രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ അന്തോണി, പുഷ്പദാസൻ, സെൽവൻ, ഏലിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തി മുനമ്പം ഹാർബറിലെത്തിച്ചത്. രണ്ടുദിവസം മുമ്പ് മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം കരിങ്കുളം സ്വദേശി അന്തോണിയുടെ ‘അൽഭുത മാത’ ഫൈബർ വള്ളമാണ് അഴീക്കോട് അഴിമുഖത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ അഞ്ചങ്ങാടിക്ക് വടക്ക് പടിഞ്ഞാറ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തിനാണ് കടലിൽ വഞ്ചി തകർന്ന് വെള്ളം കയറുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോളിന് സന്ദേശം ലഭിച്ചത്. വലയും എൻജിനും പിടിച്ച മീനും റെസ്ക്യൂ ബോട്ടിൽ കരയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.