ജൂനിയർ ആർട്ടിസ്‌റ്റുകൾക്ക് ഭക്ഷണമില്ല, വേതനവും; ‘മരുന്ന് കഴിച്ച ക്ഷീണത്തിൽ കസേരയിൽ ഇരുന്ന ജൂനിയർ ആർട്ടിസ്‌റ്റിനെ പിരിച്ചുവിട്ടു’
text_fieldsതിരുവനന്തപുരം: ജൂനിയർ ആർട്ടിസ്റ്റുകൾ അടിമസമാന ജോലി ചെയ്യുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. കിടക്ക പങ്കിടാൻ തയാറായാൽ മാത്രമേ ജൂനിയർ ആർട്ടിസ്റ്റായി വിളിക്കുന്ന പെൺകുട്ടികൾക്ക് അവസരം നൽകൂ. സിനിമയിലേക്ക് വരണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണമെന്നും പറയുന്നു. ചില കോഓഡിനേറ്റർമാരും മാനേജർമാരും ചേർന്ന് ഉണ്ടാക്കുന്ന വാട്സ്ആപ് കൂട്ടായ്‌മകളാണ് ഇത്തരക്കാരുടെ സംഗമഭൂമിയാകുന്നതെന്ന് ഒരു വനിതാ ജൂനിയർ ആർട്ടിസ്‌റ്റ് കോഓഡിനേറ്റർ തന്നെ മൊഴി നൽകി.
ജൂനിയർ ആർട്ടിസ്‌റ്റുകൾക്ക് അടിസ്ഥാന ആവശ്യങ്ങൾപോലും പല സെറ്റിലുമില്ല. വിശ്രമിക്കാനോ ഇരിക്കാനോ ഇടമുണ്ടാകില്ല. മണിക്കൂറുകളോളം വെയിലത്ത് നിൽക്കേണ്ട ദുരവസ്ഥ. പല സെറ്റുകളിലും കുടിക്കാനുള്ള വെള്ളമോ ഭക്ഷണമോ ലഭിക്കാറില്ല. കൃത്യമായ വേതനം നൽകില്ല. ഒരു ദിവസം 1000 രൂപയാണ് ഇവർക്ക് നൽകുന്നതെങ്കിലും 400 മുതൽ 500 രൂപ വരെ മാത്രമാണ് ഇവർക്ക് ലഭിക്കുക. ബാക്കി ഇടനിലക്കാരുടെ കമീഷനായി പോകും.
100 പേർ മാത്രം മതിയെങ്കിൽ പോലും ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ സെറ്റിലെത്തേണ്ടി വരും. ചിലരെ മാത്രം തെരഞ്ഞെടുത്ത് ഫുഡ് കൂപ്പൺ നൽകും. അവർക്ക് മാത്രം ഭക്ഷണം. എന്നാൽ, ശേഷിക്കുന്നവരെ തിരികെ പോകാൻ അനുവദിക്കില്ല. ഒരു സെറ്റിൽ മരുന്ന് കഴിച്ച ക്ഷീണത്തിൽ കസേരയിൽ അൽപനേരം ഇരുന്ന ജൂനിയർ ആർട്ടിസ്‌റ്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവവും റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.