ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ അവധി നിഷേധിച്ചതിനാലെന്ന്; ശബ്ദസന്ദേശം പുറത്ത്
text_fieldsവടകര: ആത്മഹത്യചെയ്ത ചെക്യാട് പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വടകര വൈക്കിലശ്ശേരിയിലെ പുതിയോട്ടിൽ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. താൻ എന്തെങ്കിലും ചെയ്താൽ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.
അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നും പ്രിയങ്ക പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 26കാരിയായ പ്രിയങ്കയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അവധിക്ക് അപേക്ഷിച്ചിട്ട് നൽകിയില്ലെന്നും ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മാർച്ചിൽ അവധി തരാമെന്ന് പറഞ്ഞെങ്കിലും മാർച്ചിൽ ചോദിച്ചപ്പോൾ 23 മുതൽ എടുത്തോയെന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധി തരില്ലെന്നും അധികൃതർ അവഗണിച്ചെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
വീട്ടിലെ കിടപ്പുമുറിയിലാണ് പ്രിയങ്കയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് പരിസരവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മാതാവ്: രാധ. സഹോദരൻ: പ്രണവ് (ബഹ്‌റൈൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.