ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്ക് പിന്തുണ നൽകാൻ മാധ്യമങ്ങൾക്ക് കഴിയണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്
text_fieldsതിരുവനന്തപുരം: ചൂഷണങ്ങൾക്ക് ഇരയായി സമ്മർദം നേരിടുന്ന അതിജീവിതർക്ക് പിന്തുണ നൽകാൻ മാധ്യമങ്ങൾക്ക് കഴിയണമെന്ന് ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്. സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷന്റെ നേതൃത്വത്തിൽ മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും പോക്സോ, ബാലനീതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ എന്ന വിഷയത്തിൽ എറണാകുളം ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം അന്വേഷണ ഘട്ടത്തിൽ വലിയ രീതിയിലുള്ള സമ്മർദമാണ് അതിജീവിതർ നേരിടേണ്ടി വരുന്നത്. കേവലം ഒരു വാർത്ത എന്നതിൽ ഉപരി ഇത്തരം സാഹചര്യം നേരിടുന്നവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും വാർത്തകളിലൂടെ അഭിസംബോധന ചെയ്യാനുള്ള ധാർമികബോധം പുലർത്താൻ മാധ്യമ പ്രവർത്തകർക്ക് കഴിയണം. വാർത്തകളിൽ അതിജീവിതരുടെ വ്യക്തി വിവരങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണം.
വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയിൽ മാധ്യമങ്ങൾ പ്രവർത്തിക്കരുത്. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം മറച്ചു വെക്കുന്നത് പോക്സോ നിയമപ്രകാരം ശിക്ഷാർഹമാണ്. ഇത്തരം കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതും ശിക്ഷാർഹമാണ്. നിയമം പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ടത്. പോക്സോ കേസുകൾ തേച്ച് മാച്ച് കളയുന്നതിന് ബാഹീകശക്തികൾ അതിജീവിതരിൽ സമ്മർദം ചെലത്തുന്നതായി കണ്ടുവരുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസ് പറഞ്ഞു.
ജനാധിപത്യ സമൂഹത്തിൽ വലിയ സ്ഥാനമാണ് മാധ്യമപ്രവർത്തകർ വഹിക്കുന്നത്. മാധ്യമ മേഖല സത്യത്തിന്റെ പിന്നാലെ പോകുവാൻ അനുവാദമുള്ള മേഖലയാണ്. സത്യങ്ങൾ ധൈര്യത്തോടെ പറയാൻ സാധിക്കണം. ഒരു വ്യക്തിക്ക് നൽകുന്ന സ്വാതന്ത്രം മാധ്യമത്തിനും ഭരണഘടന നൽകിയിട്ടുണ്ട്. ഉത്തരവാദിത്ത ബോധമുണ്ടാകണം. വാർത്തകളെ മുൻവിധികളോടെ സമീപിക്കുന്നത് ഒഴിവാക്കി സത്യങ്ങൾ ഉൾകൊള്ളിക്കണം. വാർത്തകളിൽ സ്വന്തം അഭിപ്രായങ്ങൾ കടന്നുവരാതെ മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസ് പറഞ്ഞു.
ചില ഘട്ട ങ്ങളിൽ വിവാദങ്ങൾക്ക് പിറകേ മാധ്യമങ്ങൾ പോകുമ്പോൾ ഗൗരവപരമായ കാര്യങ്ങൾ വിട്ടുപോകുന്നു. മാധ്യമ രംഗത്ത് സ്ത്രീ സാന്നിധ്യം കൂടി വരുന്നുണ്ട്. പോക്സോ ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സഹാനുഭൂതി ഉൾപ്പെടെ സ്ത്രീ സ്പർശം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.