ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിനെ നിയമിച്ചു. ചീഫ് ജസ്റ്റി സ് ആയിരുന്ന ജസ്റ്റിസ് ഋഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയായി സ്ഥലംമാറി പോയ ഒഴ ിവിലേക്കാണ് നിയമനം. ഇതുകൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ ഹൈകോടതികളിലും ആക്ടിങ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഇവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയോഗിച്ച ഒഴിവിലാണ് നിയമനം.
പഞ്ചാബ് ഹരിയാന ഹൈകോടതിയിൽ ജസ്റ്റിസ് രാജീവ് ശർമ, രാജസ്ഥാൻ ഹൈകോടതിയിൽ മുഹമ്മദ് റഫീഖ്, ഹിമാചൽ പ്രദേശ് ഹൈകോടതിയിൽ ധരംചന്ദ് ചൗധരി എന്നിവരെയാണ് നിയമിച്ചത്.
മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹിൽരമണിയുടെ രാജി രാഷ്ട്രപതി ഒൗദ്യോഗികമായി അംഗീകരിച്ച സാഹചര്യത്തിൽ ഇവിടെ മുതിർന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റിസിന്റെ താൽകാലിക ചുമതല നൽകിയിട്ടുണ്ട്.
2009ൽ ഹൈകോടതി ജഡ്ജിയായ ജ. അബ്ദുൽ റഹീം ഹൈകോടതിയിലെ ഏറ്റവും മുതിർന്ന ന്യായാധിപനാണ്. 1983ലാണ് അഭിഭാഷകനായി ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിക്കുന്നത്. ഗവ. പ്ലീഡർ, സീനിയർ ഗവ. പ്ലീഡർ തസ്തികകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള ലീഗൽ സർവിസ് അതോറിറ്റി എക്സി. ചെയർമാനാണ്. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോലയിൽ മുൻ വിൽപന നികുതി ഡെപ്യൂട്ടി കമീഷണർ പരേതനായ പി.കെ. ആലിപ്പിള്ളയുടെയും പരേതയായ കുഞ്ഞുബീവാത്തുവിെൻറയും മകനാണ്. വെങ്ങോല ശാലേം സ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കാലടി ശ്രീശങ്കര കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പാതയോര പൊതുയോഗങ്ങളും പരിപാടികളും നിരോധിച്ചും കരൾരോഗം ബാധിച്ച ഒന്നര വയസ്സുകാരിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സാധ്യമാക്കിയുമുള്ള വിധികളടക്കം നിരവധി ശ്രദ്ധേയമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.