ജസ്റ്റിസ് സി.ടി. രവികുമാർ; ശ്രദ്ധേയ വിധികളുടെ ന്യായാധിപൻ
text_fieldsകൊച്ചി: ഒട്ടേറെ സുപ്രധാന വിധികളിലൂടെ ശ്രദ്ധേയനായ കേരള ഹൈകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ ഇനി സുപ്രീംകോടതിയിൽ. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ വ്യാഴാഴ്ച രാഷ്ട്രപതി നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു.
കേരള ലീഗൽ സർവിസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻകൂടിയായ ജസ്റ്റിസ് രവികുമാർ 2009 ജനുവരി അഞ്ചിനാണ് ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2010 ഡിസംബർ 15ന് സ്ഥിരം ജഡ്ജിയായി.
കോടതിയിൽ ബെഞ്ച് ക്ലർക്കായിരുന്ന മാവേലിക്കര തഴക്കര കുറ്റിയിലയ്യത്ത് തേവെൻറയും സരസ്വതിയുടെയും മകനായി 1960 ജനുവരി ആറിനാണ് ജനനം. കോഴിക്കോട് ഗവ. േലാ കോളജിൽനിന്ന് നിയമബിരുദം നേടിയശേഷം 1986ൽ അഭിഭാഷകനായി. മാവേലിക്കര കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. എറണാകുളത്തേക്ക് മാറി ഹൈകോടതിയിലും കീഴ്കോടതികളിലും ട്രൈബ്യൂണലുകളിലുമായി പ്രാക്ടീസ് തുടർന്നു. ഗവ. പ്ലീഡർ, സീനിയർ-സ്പെഷൽ ഗവ. പ്ലീഡർ നിലകളിലും പ്രവർത്തിച്ചു.
ശബരിമല വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിന് അനുമതി നൽകിയതടക്കം ദേവസ്വം വിഷയങ്ങളിൽ ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചു. ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ ഒരു അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി കേസിൽനിന്ന് പിന്മാറിയത് ഏറെ ചർച്ചക്കിടയാക്കിയിരുന്നു.
വൈപ്പിൻ കോമത്ത് കുടുംബാംഗം അഡ്വ. സൈറയാണ് ഭാര്യ. മക്കൾ: അഡ്വ. നീതു, െമെസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജി ആൻഡ് റിസർച് സെൻറിൽ പിഎച്ച്.ഡി വിദ്യാർഥിനി നീനു. മരുമകൻ: അഡ്വ. ശബരീഷ് സുബ്രഹ്മണ്യൻ (സുപ്രീംകോടതി അഭിഭാഷകൻ).
ജസ്റ്റിസ് രവികുമാറിന് വെള്ളിയാഴ്ച ഉച്ചക്ക് ഫുൾകോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകും. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.