ദേശസ്നേഹം ഒരു മതത്തിെൻറയും കുത്തകയല്ല –ജസ്റ്റിസ് സിറിയക് ജോസഫ്
text_fieldsകൊച്ചി: ദേശസ്നേഹം ഒരു മതത്തിെൻറയും കുത്തകയല്ലെന്നും മതം നോക്കി രാജ്യസ്നേഹം അളക്കുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ്. എല്ലാ രാഷ്ട്രീയ പാർട്ടികളും മതത്തെ ചൂഷണം ചെയ്യുകയാണ്. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ് -അദ്ദേഹം പറഞ്ഞു. ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) കേരള ചാപ്റ്റർ സംഘടിപ്പിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യസ്നേഹിയായ ന്യായാധിപനായിരുന്നു കൃഷ്ണയ്യർ. നല്ല മനുഷ്യനാകാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടത്. കൃഷ്ണയ്യരുമായുള്ള അടുപ്പം ചൂഷണം ചെയ്ത് അദ്ദേഹത്തെ അപഹാസ്യനാക്കിവരുടെ നടപടി നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാർദം നഷ്ടപ്പെട്ടതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് ‘പുതിയ ഇന്ത്യ: പ്രതീക്ഷയും വെല്ലുവിളിയും’ എന്ന വിഷയത്തിൽ സംസാരിച്ച എഴുത്തുകാരൻ സേതു പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പി സ്വന്തം അജണ്ട നടപ്പാക്കുകയാണ്. നാലു വർഷമായി ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ രാജ്യത്തെ പിന്നോട്ടടിച്ചെന്ന് ‘മതനിരപേക്ഷതയും ഭൂരിപക്ഷ മതാധികാരവും’ എന്ന വിഷയത്തിൽ സംസാരിച്ച മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. വോട്ടുബാങ്കിൽ കണ്ണുവെക്കുന്നതുകൊണ്ടാണ് ശബരിമല വിഷയം ഇത്രയും വഷളായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യകേന്ദ്രീകൃതമായി പ്രവർത്തിക്കുകയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്ത യുഗപ്രഭാവനായിരുന്നു കൃഷ്ണയ്യരെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എഫ്.ഡി.സി.എ സെക്രട്ടറി ടി.കെ. ഹുസൈൻ പറഞ്ഞു. ചെയർമാൻ ജസ്റ്റിസ് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ സമാപനം നിർവഹിച്ചു. സെക്രട്ടറി പ്രഫ. കെ. അരവിന്ദാക്ഷൻ സ്വാഗതവും മധ്യമേഖല സെക്രട്ടറി സുഹൈൽ ഹാഷിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.