സ്ത്രീജീവിതങ്ങളെ ചേർത്തുപിടിച്ച ന്യായാധിപ
text_fieldsകൊച്ചി: സ്ര്തീപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട ന്യായാധിപയായിരുന്നു ജസ്റ്റിസ് ഡി. ശ്രീദേവി. അഭിഭാഷക, ജഡ്ജി, സംസ്ഥാനത്തെ ആദ്യ കുടുംബകോടതി ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ച ശ്രീദേവിക്ക് വീടകങ്ങളിലെ കണ്ണീരനുഭവങ്ങൾ പരിചിതമായിരുന്നു. സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതികരിച്ചും സ്ത്രീ^പുരുഷ സമത്വത്തിനായി വാദിച്ചും അവർ സ്ത്രീകളുടെ ശബ്ദമായി.
2001-02, 2007-12ലാണ് ശ്രീദേവി വനിത കമീഷൻ അധ്യക്ഷയായത്. പദവിയിൽ രണ്ടുതവണ നിയമിക്കപ്പെട്ടത് ശ്രീദേവി മാത്രം. സ്ത്രീകളുടെ ഉന്നമനത്തിനായി കമീഷന് എന്തൊക്കെ ചെയ്യാനാകുമെന്ന് അവർ കാണിച്ചുതന്നു. സ്ത്രീപ്രശ്നങ്ങളിൽ ഗൗരവപൂർവം ഇടപെടാൻ 1997ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ജാഗ്രത സമിതി ഇടക്കാലത്ത് നിർജീവമായിരുന്നു. 2007ൽ ശ്രീദേവി അധ്യക്ഷയായപ്പോഴാണ് സമിതി പുനരുജ്ജീവിപ്പിച്ചത്. ജില്ല, പഞ്ചായത്ത്, വാർഡ്തലങ്ങളിലായി പ്രവർത്തനം ശക്തിപ്പെടുത്തി പൊതുസമിതിയും പ്രശ്നപരിഹാരത്തിനായി നിയമ സഹായ സമിതിയും രൂപവത്കരിച്ചു.
സ്ത്രീധനവിരുദ്ധ സമൂഹത്തിനും ആഡംബരരഹിത വിവാഹത്തിനുമായി അവർ വാദിച്ചു. സ്ത്രീകള്‍ ഫെമിനിസ്റ്റ് ചിന്താഗതി ഉപേക്ഷിക്കണമെന്ന സുകുമാര്‍ അഴീക്കോടിെൻറ പരാമർശത്തിനെതിരെയും അവർ ശബ്ദമുയർത്തി.
1986ല്‍ ഇടുക്കി തങ്കമണിയിലുണ്ടായ പൊലീസ് വെടിവെപ്പും അനുബന്ധ സംഭവങ്ങളും അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന് നേതൃത്വം നല്‍കിയത് ശ്രീദേവിയായിരുന്നു. എഴുതപ്പെട്ട നിയമസങ്കേതങ്ങള്ക്കുള്ളിൽനിന്ന് സമൂഹനന്മ ലക്ഷ്യമാക്കിയാണ് അവർ കേസുകൾ കൈകാര്യം ചെയ്തത്. നീതിന്യായരംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നതാണ് ശ്രീദേവിയുടെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.