ക്ലാസ് റൂമിലല്ലെങ്കിലും സാനു മാഷ് ഗുരു; കാണാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെത്തി
text_fieldsകൊച്ചി: ക്ലാസ് മുറിയിൽ വിദ്യാർഥിയും അധ്യാപകനുമായിരുന്നില്ലെങ്കിലും അധ്യാപക ദിനത്തിൽ താൻ ഗുരുതുല്യനായി കാണുന്ന പ്രിയപ്പെട്ട സാനു മാഷിനെ കാണാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വീട്ടിലെ പതിവു സന്ദർശകരായിരുന്ന ഇരുവരും തമ്മിലുണ്ടായ ആത്മബന്ധം അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജഡ്ജിയായ ശേഷം നേരിട്ടു കാണുന്നത് അപൂർവമായിരുന്നു. ഹൈകോടതി ഓണം അവധിക്ക് പിരിഞ്ഞതിനാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാനുമാഷിനെ കാണാൻ അവസരം കണ്ടെത്തുകയായിരുന്നു.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സായാഹ്ന നടത്തത്തിൽ മിക്കവാറും എം.കെ. സാനുവും ഒപ്പമുണ്ടാകാറുണ്ടായിരുന്നു. നടത്തം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ പലപ്പോഴും കൃഷ്ണയ്യരുടെ വീട്ടിൽ തിരക്കേറിയ അഭിഭാഷകനായിരുന്ന ദേവൻ രാമചന്ദ്രൻ അദ്ദേഹത്തെ കാണാനായി എത്തിയിട്ടുണ്ടാകും. ജസ്റ്റിസ് കൃഷ്ണയ്യരുടെ നിയമ 'ക്ലാസി'നൊപ്പം സാനു മാഷും അനുഭവങ്ങൾ പങ്കുവെച്ചു.
സാനു മാഷിന്‍റെ സൗകര്യം ചോദിച്ചറിഞ്ഞാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ഇരുവരും കണ്ടു മുട്ടിയപ്പോൾ ഏറെ സംസാരിച്ചതും കൃഷ്ണയ്യർ സ്വാമി ജീവിച്ചിരുന്ന കാലത്തെ ഓർമകളും അനുഭവങ്ങളുമാണ്. ഇതിനിടെ കഴിഞ്ഞയാഴ്ചത്തെ കനത്ത മഴയിൽ തന്‍റെ വീട്ടിലും വെള്ളം കയറിയത് സാനു മാഷ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളപ്പൊക്കം തടയാൻ സഹായിച്ചിരുന്ന പെട്ടിയും പറയും പ്രവർത്തനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച കേസുകൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ്.
20 മിനിറ്റോളം അവിടെ ചെലവഴിച്ച ശേഷമാണ് സാനു മാഷോട് യാത്ര പറഞ്ഞ് ജഡ്ജ് പടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.