ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമയെക്കാൾ ഉദ്വേഗജനകം അവസാന നിമിഷങ്ങൾ
text_fieldsതിരുവനന്തപുരം: ഒരു സസ്‌പെൻസ് ത്രില്ലർ സിനിമയെക്കാൾ ഉദ്വേഗജനകമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പുള്ള അവസാന നിമിഷങ്ങൾ. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്‌ജിനി ഹൈകോടതി ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച ഹരജി രാവിലെയാണ് പരിഗണനക്കെടുത്തത്.
റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വൻ ഇടപെടലുകൾ നടക്കുന്നെന്ന തരത്തിൽ വാർത്തകൾ വന്നതിനെ തുടർന്ന് നടി രഞ്‌ജിനിയുടെ ഹരജിക്കുമേൽ കോടതി എന്തു നടപടി സ്വീകരിക്കുമെന്ന ആകാംക്ഷയായിരുന്നു. ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയെന്നു മാത്രമല്ല സിംഗ്ൾ ബെഞ്ചിനെ സമീപിക്കാനും പറഞ്ഞു. അപ്പോഴേക്ക് സമയം 12.30 കഴിഞ്ഞു. അതോടെ റിപ്പോർട്ട് ഇന്നു തന്നെ പുറത്തുവിടുമെന്ന വാർത്തകൾ വന്നുതുടങ്ങിയെങ്കിലും ബന്ധപ്പെട്ട വകുപ്പിൽനിന്ന് സ്ഥിരീകരണം ഉണ്ടായില്ല.
റിപ്പോർട്ടിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് സാംസ്‌കാരിക വകുപ്പിൽനിന്ന് ഒന്നരയോടെ റിപ്പോർട്ട് തിങ്കളാഴ്‌ച തന്നെ നൽകുമെന്ന അറിയിപ്പ് ലഭിച്ചു. എന്നാൽ, അതോടൊപ്പം രഞ്‌ജിനി തിങ്കളാഴ്‌ചതന്നെ സിംഗ്ൾ ബെഞ്ചിനെ സമീപിച്ചേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ടായിരുന്നു. സിംഗ്ൾ ബെഞ്ച് ഹരജി പരിഗണിച്ചാൽ റിപ്പോർട്ട് പുറത്തുവരുന്നത് നീളുമായിരുന്നു.
രഞ്‌ജിനിയുടെ ഹരജി സിംഗ്ൾ ബെഞ്ചും തള്ളിയതോടെ റിപ്പോർട്ട് പുറത്തു വരുന്നതിലുള്ള തടസ്സങ്ങളെല്ലാം നീങ്ങി. അതോടെ ഉച്ചക്ക് 2.30നുതന്നെ റിപ്പോർട്ട് പുറത്തുവരുമെന്ന് ഏതാണ്ട് ഉറപ്പായി. ചൊവ്വാഴ്ച അവധിയായതിനാലാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.