ജഡ്ജി നിയമനം കുടുംബസ്വത്ത് വീതം വെക്കലല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ
text_fieldsകൊച്ചി: ജഡ്ജി നിയമനം കുടുംബസ്വത്തിെൻറ വീതം വെക്കലല്ലെന്നും മതവും ജാതിയും ഉപജാതിയും നോക്കി നടത്തേണ്ട പ്രക്രിയയല്ലെന്നും ജസ്റ്റിസ് ബി. കെമാൽപാഷ. വിരമിച്ചശേഷം പദവി പ്രതീക്ഷിക്കുന്ന ജഡ്‌ജിമാർ അവസാനവർഷമെങ്കിലും സർക്കാറിെൻറ അപ്രീതി ക്ഷണിച്ചുവരുത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇത് പൊതുപരാതിയായി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യായാധിപസ്ഥാനത്തുനിന്ന് വിരമിക്കുന്നതിെൻറ ഭാഗമായി ചീഫ് ജസ്റ്റിസിെൻറ കോടതി മുറിയിൽ ഫുള്‍കോര്‍ട്ട് റഫറൻസിലൂടെ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില അഭിഭാഷകരെ ജഡ്ജിയാക്കി നിയമിക്കണമെന്ന് കൊളീജിയം ശിപാര്‍ശ നല്‍കിയതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മാധ്യമങ്ങൾ പറയുന്ന പേരുകൾ ശരിയാണെങ്കിൽ ഇവരിൽ പലരുെടയും മുഖം കാണാൻ താനുൾപ്പെടെയുള്ള ജഡ്‌ജിമാർക്ക് ഭാഗ്യമുണ്ടായിട്ടില്ല. ജുഡീഷ്യറിയെ സംബന്ധിച്ച് ഇത് നല്ല രീതിയാണോ. ജഡ്ജിയാകാന്‍ യോഗ്യരായ നിരവധി പേര്‍ അഭിഭാഷകസമൂഹത്തിലുണ്ട്. ഒരു യോഗ്യതയുമില്ലാത്ത അഭിഭാഷകരെ തെരഞ്ഞെടുക്കുന്നതിലൂടെ ജുഡീഷ്യൽ സംവിധാനത്തിന് നേരെതന്നെയാണ് വിരൽ ചൂണ്ടുന്നെതന്നും അദ്ദേഹം പറഞ്ഞു.
നീതിക്ഷേത്രത്തിലെ സേവകനാണ് ന്യായാധിപൻ. നീതിപരിപാലനമെന്ന വിശുദ്ധ പ്രവൃത്തിക്ക് തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് അതിനുള്ള കഴിവുണ്ടെന്ന് ഉറപ്പാക്കണം. ജഡ്‌ജിമാർ വിരമിച്ചശേഷം മൂന്നുവർഷമെങ്കിലും സർക്കാർ പദവി സ്വീകരിക്കരുതെന്ന് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസ് ടി.എസ്. താക്കൂർ എന്നിവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ജഡ്ജിമാരും അഭിഭാഷകരും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഉണ്ടാക്കിയെടുത്ത പ്രതാപം അടുത്തിടെ ചില സംഭവങ്ങള്‍മൂലം ഗണ്യമായി ക്ഷയിച്ചു. ഈ സംഭവങ്ങള്‍ കോടതിയുടെ പ്രതിഛായ കളങ്കപ്പെടുത്തി. അഭിഭാഷകര്‍ക്ക് മാത്രമല്ല, വിരമിച്ച ജഡ്ജിമാര്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും ഈ അഭിപ്രായമുണ്ട്. ജഡ്ജിമാര്‍ക്കല്ല, അഭിഭാഷക സമൂഹത്തിനാണ് ഇതുമൂലം അന്തിമ നഷ്ടമുണ്ടാവുക. നീതി നടപ്പാക്കാൻ തടസ്സമേറെയും ജുഡീഷ്യറിക്ക് പുറത്തുനിന്നാണ്. ചില സമയത്ത് അകത്തുനിന്നുള്ള ശക്തികളും തടസ്സമാകും.
കീഴ്കോടതികളിലെ ജുഡീഷ്യൽ ഒാഫിസർമാർ ആവലാതികളുമായി സമീപിക്കുമ്പോൾ ഹൈകോടതി ജഡ്‌ജിമാർ അവരെ അനുഭാവപൂർവം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാജാവ് നഗ്നനാണെങ്കില്‍ ആരെങ്കിലും അത് വിളിച്ചുപറയണം. ഇത്രയും കാലത്തെ സേവനത്തില്‍ അഴിമതിയും കുറ്റകൃത്യങ്ങളും തുടച്ചുനീക്കാന്‍ ശ്രമിച്ചെന്നും തല ഉയര്‍ത്തിപ്പിടിച്ചാണ് വിരമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്‌ജിമാർ, അഡ്വക്കറ്റ് ജനറൽ, ജസ്റ്റിസ് കെമാൽ പാഷയുടെ കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
കൊല്ലം അഞ്ചൽ സ്വദേശിയായ ബി. കെമാൽപാഷ 1979ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 1995ൽ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. ജില്ല, സെഷൻസ് ജഡ്ജിയായും ഹൈകോടതി രജിസ്ട്രാറായും പ്രവർത്തിച്ചു. 2013ൽ ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായ കെമാൽപാഷ 2014ലാണ് സ്ഥിരം ജഡ്ജിയാകുന്നത്. കെ.എം. മാണിയുടെ രാജിക്ക് കാരണമായ ബാർകോഴ കേസിലെ വിധി ഉൾപ്പെടെ അഞ്ചുവർഷത്തിനിടെ ഒേട്ടറെ സുപ്രധാന വിധികൾ പുറപ്പെടുവിച്ചാണ് പടിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.