നിയമവ്യവസ്ഥയെ പിന്നോട്ടടിച്ച വിധി; അപ്പീൽ പോയാൽ ശിക്ഷ ഉറപ്പെന്ന് ജസ്റ്റിസ് കെമാൽപാഷ
text_fieldsകൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധിയെ വിമർശിച്ച് ജസ്റ്റിസ് ബി. കെമാൽപാഷ. വിചാരണ കോടതി വിധി നിയമവ്യവസ്ഥയെ 40 വർഷത്തോളം പിന്നോട്ടടിക്കുന്നതെന്ന് കെമാൽപാഷ പറഞ്ഞു. തികച്ചും ബാലിശവും വികലവുമായ വിധിയിൽ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിപീഠം കന്യാസ്ത്രീയുടെ വാക്കുകൾക്ക് കുറേകൂടി വിശുദ്ധി നൽകണമായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാം എന്നതിലാണ് ഗവേഷണം നടന്നത്. വിധിക്കെതിരെ അപ്പീൽ പോയാൽ ഉറപ്പായും പ്രതിക്ക് ശിക്ഷ ലഭിക്കുന്ന കേസാണിതെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു.
പണവും സ്വാധീനവുമുള്ള പ്രതിഭാഗം മറുപക്ഷത്ത് ഉണ്ടായിരുന്നിട്ടും ഒഴുക്കിനെതിരെ നീന്തിയാണ് പൊലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തത്. അവരെ കുറ്റപ്പെടുത്താൻ തക്ക വീഴ്ചകളൊന്നും കാണുന്നില്ല. അതു കൊണ്ട് അന്വേഷണ സംഘവും പ്രോസിക്യൂഷനും പരാജയമാണെന്ന് പറയാൻ കഴിയില്ലെന്നും ജസ്റ്റിസ് കെമാൽപാഷ ചൂണ്ടിക്കാട്ടി.
വേദനകളും ദുഃഖങ്ങളും പുറത്തുപറയാൻ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിക്കേണ്ടത് ഒരു പൗരന്‍റെ ചുമതലയാണ്. ആ സാഹചര്യത്തിലാണ് കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്. അതു കൊണ്ടാണ് പണവും സ്വാധീനവുമുള്ള വ്യക്തി അറസ്റ്റിലായത്. അതിന്‍റെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് നിയമവ്യവസ്ഥയുടെ ജോലിയല്ലെന്നും ജസ്റ്റിസ് കെമാൽപാഷ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.