മുല്ലപ്പെരിയാർ ഡാം പൊട്ടില്ലെന്ന് ജസ്റ്റിസ് കെ.ടി തോമസ്; 'പുതിയ ഡാം പണിതാൽ നോക്കുകുത്തിയാകും'
text_fieldsമുല്ലപ്പെരിയാർ ഡാം പൊട്ടില്ലെന്ന് വെളിപ്പെടുത്തലുമായി ഡാം സുരക്ഷ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമായിരുന്ന റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്.
മുല്ലപ്പെരിയാറിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉയർത്തിയ വാദങ്ങൾ പരിശോധിച്ച് ശരിയായ തീരുമാനത്തിലെത്തുക എന്ന ജോലിയാണ് സമിതി ചെയ്തത്. മുല്ലപ്പെരിയാറിനെക്കുറിച്ച് പഠിച്ചത് ഇൗ മേഖലയിലെ വിദഗ്ധരാണ്. ഗ്രാവിറ്റി ഡാം പൊട്ടില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. ഗ്രാവിറ്റി ഡാമിൽ വിള്ളൽ വീഴുകയേയുള്ളൂ. മുല്ലപ്പെരിയാർ പൊട്ടി പുറത്തെത്തുന്ന വെള്ളം ഇടുക്കി ഡാമിൽ എത്തുമെന്നായിരുന്നു പ്രചാരണം. ഇടുക്കിയും അതിനു താഴെയുള്ള ഡാമുകളും പൊട്ടിയാൽ നിരവധി ജില്ലകൾ ഒലിച്ചുപോകുമെന്നും പ്രചാരണമുണ്ടായി. ഇതേക്കുറിച്ച് സുപ്രീംകോടതിയുടെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ ഈ വാദം അസംബന്ധമാണെന്ന് തെളിഞ്ഞുവെന്നും മാധ്യമം പത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.
മുല്ലപ്പെരിയാറിൽനിന്ന് പുറത്തെത്തുന്ന വെള്ളം ആദ്യം കേന്ദ്രീകരിക്കുന്നത് രണ്ടു പർവതങ്ങൾക്ക് ഇടയിലുള്ള താഴ്വരയിലാണ്. അതു നിറഞ്ഞുകവിഞ്ഞാൽ വീണ്ടും സമാന രീതിയിലുള്ള താഴ്വരയിൽ എത്തും. ഇത്തരത്തിൽ അഞ്ചു താഴ്വരകൾ പിന്നിട്ടാൽ മാത്രമേ ഇടുക്കി ഡാമിൽ ജലമെത്തൂ. ഡാമിൽ വിള്ളൽ വീണാലും ഇത്രയും വെള്ളം മുല്ലപ്പെരിയാറിൽനിന്ന് പുറന്തള്ളാൻ ഇടയില്ല എന്നായിരുന്നു കണ്ടെത്തൽ. കേരളത്തിനു വേണമെങ്കിൽ മുല്ലപ്പെരിയാറിന് 300 മീറ്റർ താഴെ പുതിയ ഡാം പണിയാം. അതിന് സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. തമിഴ്നാടിന് ഇക്കാര്യത്തിൽ എതിർപ്പില്ല. കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും ഇതിനായി ചെലവാകും. വെറും നോക്കുകുത്തിയായി ഈ ഡാം നിലനിൽക്കാനാണ് സാധ്യതെയന്നു മാത്രമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ലേഖനത്തിന്റെ പൂർണരൂപം
1979ൽ മുല്ലപ്പെരിയാർ ഡാമിെൻറ സുരക്ഷയെപ്പറ്റി ആശങ്കയുളവാക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അക്കൊല്ലം ഒക്ടോബർ മാസം ഗുജറാത്തിലെ മോർവി പട്ടണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണമായ മച്ചുഡാമിെൻറ തകർച്ചയാണ് അതിനു കാരണമായത്.
ആ വർഷം നവംബറിൽ കേരളത്തിലെ മാധ്യമങ്ങൾ മുല്ലപ്പെരിയാർ ഡാമിെൻറ തകർച്ച ആസന്നമാണെന്നും മറ്റും വിവരിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്താൻ തുടങ്ങി. ഇതേത്തുടർന്ന് വണ്ടിപ്പെരിയാറിൽ താമസക്കാരായ ആളുകൾ അണക്കെട്ടിനു സമീപത്തും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റുപടിക്കലും സത്യഗ്രഹസമരം ആരംഭിച്ചു.
അന്ന് കേരള സർക്കാറും തമിഴ്നാട് സർക്കാറും ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര ജലകമീഷൻ ചെയർമാനായിരുന്ന ഡോ. കെ.സി. തോമസിെൻറ നേതൃത്വത്തിൽ തമിഴ്നാട്ടിലെയും കേരളത്തിെലയും എൻജിനീയർമാരുൾപ്പെടുന്ന വിദഗ്ധസംഘം മുല്ലപ്പെരിയാർ ഡാം സൂക്ഷ്മമായ പരിശോധനക്കു വിധേയമാക്കി (ഡോ. കെ.സി. തോമസ് ഡാം എൻജിനീയറിങ്ങിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ചുരുക്കം ഇന്ത്യക്കാരിൽ ഒരാളാണ്).
അവരുടെ പരിശോധനയിൽ ഡാമിെൻറ പിന്നാമ്പുറം (Down Stream) നനവുള്ളതായി കണ്ടു, എന്നാൽ ഡാമിൽനിന്നുള്ള ചോർച്ച അനുവദനീയമായ തോതിലുമായിരുന്നു. ഡോ. തോമസ് കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ കാണുകയും ഡാമിനെപ്പറ്റിയുള്ള ആശങ്ക തൽക്കാലം ആവശ്യമില്ലെന്നു ധരിപ്പിക്കുകയും ചെയ്തു. എങ്കിലും ഡാമിെൻറ പഴക്കവും ജനങ്ങളുടെ ഭീതിയും കണക്കിലെടുത്ത് താഴെപറയുന്ന പണികൾ ചെയ്യുന്നത് ഡാം കൂടുതൽ ബലിഷ്ഠമാക്കുന്നതിനു സഹായകമാകും എന്ന് ഉപദേശിച്ചു.
- ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണം.
- അടിയന്തരമായി കോൺക്രീറ്റ് ക്യാപ്പിങ് ചെയ്ത് ഡാമിെൻറ കനം വർധിപ്പിക്കണം (ഒരു മീറ്റർ നീളത്തിെല ക്യാപ്പിങ്ങിൽ 12 ടൺ ഘനം ഉണ്ടാകത്തക്ക രീതിയിലാണ് ആ പണി നിർദേശിച്ചത്).
- കേബ്ൾ ആങ്കറിങ് -അതായത്, സ്റ്റീൽകൊണ്ടുള്ള നാലിഞ്ച് വ്യാസമുള്ള സിലിണ്ടറുകളിൽ കേബിളുകൾ നിറച്ച് ക്യാപ്പിങ്ങിെൻറ മുകളിൽനിന്ന് താഴേക്ക് ഡ്രിൽചെയ്ത് ഏറ്റവും അടിത്തട്ടിലുള്ള കരിമ്പാറയിൽ 10 അടി ആഴത്തിൽ സിലിണ്ടറുകൾ താഴ്ത്തണം. കൂടാതെ, സിലിണ്ടറുകളുടെയും ക്യാപ്പിങ്ങിെൻറയും ഇടഭാഗം വേഗത്തിൽ ഉറയ്ക്കുന്ന സിമൻറുകൊണ്ട് ഉയർന്ന മർദത്തിൽ കടത്തി അടച്ച് പൂർത്തിയാക്കണം. അപ്രകാരം 100 കേബ്ൾ ആങ്കറിങ് നടത്തണം. ഇത്തരത്തിൽ 95 കേബിളുകൾ സ്ഥാപിക്കപ്പെട്ടു.
- ഡാമിെൻറ പിന്നാമ്പുറത്ത് 10 മീറ്റർ ഘനത്തിൽ കോൺക്രീറ്റുകൊണ്ട് ഭിത്തി നിർമിക്കണം.
- മേൽപറഞ്ഞ ബലിഷ്ഠപ്പെടുത്തലുകൾ ചെയ്യാത്തപക്ഷം ഭാവിയിലേക്ക് ഒരു പുതിയ ഡാം പണിയുന്നതിനുള്ള തയാറെടുപ്പ് നടത്തണം.
അവയിൽ 136 അടിയാക്കുക എന്നത് ഉടൻതന്നെ പ്രാവർത്തികമാക്കി. 1979 മുതൽ ഇന്നുവരെ ജലനിരപ്പ് 136 അടിയിൽ കൂടുതലാകാൻ കേരളം അനുവദിച്ചിട്ടില്ല. രണ്ടാമതായി പറഞ്ഞ പണി മുല്ലപ്പെരിയാർ ഡാം ഒരു ഗ്രാവിറ്റി ഡാമായതുകൊണ്ട്, കാലപ്പഴക്കംകൊണ്ടും ഉള്ളിലെ സുർക്കിമിശ്രിതം ഒലിച്ചുപോയതിനു തത്തുല്യമായി സിമൻറുമിശ്രിതം അകത്തേക്കു മർദംമൂലം കടത്തിയിട്ടുണ്ടെങ്കിലും ഡാമിെൻറ കനം കുറഞ്ഞത് വിദഗ്ധർ കണ്ടതുകൊണ്ടുമാണ്. ഒരു മീറ്റർ ക്യാപ്പിങ്ങിന് 12 ടൺ കണക്കിൽ 365 മീറ്റർ 4380 ടൺ മുകളിലെത്തിച്ചുകൊണ്ട് ആ പണി പൂർത്തിയാക്കി. അണക്കെട്ടിെൻറ മുകളിലെ റോഡിെൻറ വീതി 2.4 മീറ്റർ ആയിരുന്നത് 5.2 മീറ്ററായി കൂട്ടി. മറ്റൊരു കണക്കനുസരിച്ച് കോൺക്രീറ്റ് ക്യാപ്പിങ് പൂർത്തിയായപ്പോൾ ഒരു മീറ്ററിനു 33.63 ടൺ അധികഭാരം ഉണ്ടായി. 365 മീറ്റർ ദൂരത്തിൽ 12,280 ടൺ അധികഭാരം ഈ പണികൊണ്ടു മാത്രം ഡാമിനു കൈവന്നു.
ഡാമിെൻറ പിന്നാമ്പുറത്ത് 10 മീറ്റർ കനത്തിൽ കെട്ടിത്തീർത്ത 'സിമൻറ് കോൺക്രീറ്റ് ബാക്കിങ്' ആയിരുന്നു മുല്ലപ്പെരിയാർ ഡാമിൽ നടത്തപ്പെട്ട ബലപ്പെടുത്തലിൽ ഏറ്റവും പ്രധാനപ്പെട്ട പണി. അന്നുണ്ടായിരുന്ന ഡാമിെൻറ പിന്നാമ്പുറത്തെ ഭാഗത്ത് ബാക്കിങ് ചേർക്കുന്നതിനുവേണ്ടി ചില ഭാഗങ്ങൾ കട്ടുചെയ്ത് അതോടു ചേർത്തുറപ്പിച്ചു. ഈ പുതിയ ഭാഗം പഴയ ഡാമിനോടു ചേർക്കുന്നതിനുവേണ്ടി നിർമിച്ചതിന് 'ഷീർ കീ സ്പോർട്സ്' എന്നാണു പറയുന്നത്. അത് മുകൾതൊട്ട് ആരംഭിച്ച് താഴെ ഏറ്റവും അടിഭാഗത്തുള്ള കരിമ്പാറയിൽ ഉറപ്പിച്ചു. അപ്രകാരം ബാക്കിങ് അതിനുമുമ്പുണ്ടായിരുന്ന ഡാമിെൻറ പുറംഭിത്തിയുമായി സുശക്തമായ നിലയിൽ സംയോജിപ്പിച്ചത് ഒരു വലിയ എൻജിനീയറിങ് വൈദഗ്ധ്യമായിട്ടാണ് അവകാശപ്പെടുന്നത്. അവ രണ്ടുംകൂടി ചേർന്നതാണ് മുല്ലപ്പെരിയാർ ഡാമിെൻറ ഇപ്പോഴുള്ള ഡൗൺസ്ട്രീം ഭിത്തി. ആ ഭിത്തിക്കുമാത്രം ഇപ്പോൾ മൊത്തം എത്ര കനമുണ്ടാകുമെന്ന് വിദഗ്ധർ കണക്കുകൂട്ടിയിട്ടുണ്ട്. മേൽപറഞ്ഞ ബാക്കിങ്ങിെൻറ ഇടക്ക് ചെറിയ ഗാലറികൾ നിർമിച്ചിട്ടുണ്ട്. ഡാമിെൻറ പരിശോധനകൾ നന്നായി നടത്തുന്നതിനുവേണ്ടിയാണ് അവ നിർമിച്ചിട്ടുള്ളത്.
ഡോ. കെ.സി. തോമസ് നിർദേശിച്ച നാലു കാര്യങ്ങളിൽ മൂന്നു കാര്യങ്ങൾ അദ്ദേഹത്തിെൻറ മേൽനോട്ടത്തിൽതന്നെ ചെയ്തുതീർത്തു, കോൺക്രീറ്റ് ബാക്കിങ് 1981ൽ പൂർത്തിയാക്കി. പിന്നീട് ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ ഡാം സുരക്ഷ അവലോകനം ചെയ്തു. മുല്ലപ്പെരിയാർ ഡാം മേൽപറഞ്ഞ പണികളോടുകൂടി ഒരു പുതിയ ഡാം എന്നതുപോലെ ആയിരിക്കുന്നു എന്ന് ആ യോഗം വിലയിരുത്തി. എങ്കിലും ജലനിരപ്പ് 136 അടിയിൽ കൂടുതൽ വർധിപ്പിക്കുന്നതിന് കേന്ദ്ര ജലകമീഷൻ സമ്മതം കൊടുത്തില്ല.
1985 ജൂൺ എട്ടിന് കേന്ദ്ര കമീഷൻ അംഗങ്ങൾ ഡാം വീണ്ടും പരിശോധിച്ചു. 11 വർഷം കഴിഞ്ഞ് 1996 മേയ് എട്ടിന് ഡാം പുനഃപരിശോധനക്കും വിധേയമാക്കി. അപ്പോഴൊക്കെ ഡാം സുരക്ഷിതമായിരിക്കുന്നു എന്നാണ് വിദഗ്ധ സമിതിയിൽ വിലയിരുത്തപ്പെട്ടത്.
അണക്കെട്ടിെൻറ ഇപ്പോഴുള്ള കരുത്തിനെപ്പറ്റി മനസ്സിലാക്കാൻ നടത്തിയ എല്ലാ അന്വേഷണങ്ങളും പഠനങ്ങളും സമിതിയംഗങ്ങളെ കൊണ്ടെത്തിച്ച നിഗമനങ്ങൾ താഴെപറയുന്നവയാണ്.
- മുല്ലപ്പെരിയാർ ഡാം ജലമർദശാസ്ത്ര (hydrologically) പ്രകാരം സുരക്ഷിതമാണ്.
- ഘടനവ്യൂഹന (structural safety) മായി ഈ ഡാം ഉറപ്പുള്ളതാണ്.
- ഈ അണക്കെട്ടിന് സാധാരണ ശക്തിയുള്ള ഭൂകമ്പസാന്ദ്രത (seismic safety) യെ അതിജീവിക്കാനുള്ള കെട്ടുറപ്പുണ്ട്. ആ പ്രദേശത്ത് ഇതുവരെ ഉണ്ടായ ഒരു ഭൂകമ്പംകൊണ്ടും അണക്കെട്ടിന് ഒരു തകരാറും ഇതുവരെ ഉണ്ടായിട്ടില്ല. ഈ നിഗമനം കേരളത്തെ അറിയിച്ചപ്പോൾ നാളിതുവരെ ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങൾകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് കേരളം നടത്തിയ പഠനങ്ങൾകൊണ്ട് വെളിവായതായി അവർ സമിതിയിൽ റിപ്പോർട്ടുതന്നിരുന്നു.
- കേബ്ൾ ആങ്കറിങ് പണികൾ പൂർത്തിയായതോടുകൂടിയും 10 മീറ്റർ കനത്തിൽ പണിത പുതിയ പുറംഭിത്തി നിലവിലുണ്ടായിരുന്ന പുറംഭിത്തിയോടുചേർത്ത് അമർത്തി സംയോജിപ്പിക്കൽ പ്രക്രിയ നടത്തി ഒന്നാക്കിയതോടുകൂടിയും മുല്ലപ്പെരിയാർ ഡാം പൂർവാധികം ബലപ്പെട്ടിട്ടുള്ളതായി സമിതിക്കു ബോധ്യപ്പെട്ടു.
- മുല്ലപ്പെരിയാർ ഡാമിെൻറ ബേബി ഡാമിനു ഭൂതത്ത്വശാസ്ത്രപ്രകാരമുള്ള എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടാകുമോ എന്നുള്ള സംശയം അടിസ്ഥാനരഹിതമാണെന്നും സമിതി കണ്ടെത്തി.
മേൽപറഞ്ഞ നിഗമനങ്ങൾ സമിതിയിലെ അംഗങ്ങൾക്കു ബോധ്യപ്പെെട്ടങ്കിലും കുറെക്കൂടി അതേപ്പറ്റി മനസ്സിലാക്കാനായി രണ്ട് അണക്കെട്ട് വിദഗ്ധരെ കണ്ട് ഇക്കാര്യം ചർച്ചചെയ്തു. അവരിലൊരാൾ തെൻറ പേരു പുറത്തുപറയരുതെന്നുള്ള വ്യവസ്ഥവെച്ചു. അദ്ദേഹം എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദത്തിനു പുറമെ ഹൈേഡ്രാളിക് ആൻഡ് ഇറിഗേഷൻ വിഷയത്തിൽ ഉന്നത പഠനം നടത്തിയ ആളാണ്. കേരളത്തിൽതന്നെ നിർമിക്കപ്പെട്ട മൂന്നു ഡാമുകളുടെ നിർമാണത്തിെൻറ മേൽനോട്ടചുമതല വഹിച്ചുകഴിഞ്ഞ് അഞ്ചു വർഷത്തേക്ക് നൈജീരിയൻ ഗവൺമെൻറിെൻറ അഭ്യർഥനപ്രകാരം ഡെപ്യൂട്ടേഷനിൽ പോയിരുന്നയാളാണ്. പറമ്പിക്കുളം അലിയാർ ഇൻറർസ്റ്റേറ്റ് േപ്രാജക്ടിെൻറ നിർമാണത്തിനുവേണ്ടി ചുമതലപ്പെടുത്തപ്പെട്ടപ്പോൾ അദ്ദേഹം ചീഫ് എൻജിനീയറായിരുന്നു. പിന്നീട് കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറാവുകയും ചെയ്തിട്ടുണ്ട്.
രണ്ടാമത്തെയാൾ മുല്ലപ്പെരിയാർ ബലിഷ്ഠമാക്കുന്നതിന് മേൽനോട്ടം വഹിച്ച ഡോ. കെ.സി. തോമസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഡാമുകളായ ഭക്രാനംഗൽ, ഹിരാക്കുഡ് അണക്കെട്ടുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉപദേശം തേടിയിരുന്നത് അദ്ദേഹത്തോടാണ്. 1979 മുതൽ നടത്തിയ മൂന്നു െലവൽ ബലപ്പെടുത്തലുകൾക്കുശേഷം 1983-84 കാലഘട്ടമായപ്പോഴേക്കും മുല്ലപ്പെരിയാർ ഡാം ഏതാണ്ട് പുതിയ ഡാമിെൻറ അവസ്ഥയിലേക്ക് എത്തിയെന്നായിരുന്നു ഡോ. കെ.സി. തോമസിെൻറ നിഗമനം. ഈ വിവരം കേരള, തമിഴ്നാട് സർക്കാറുകളെയും കേന്ദ്ര സർക്കാറിനെയും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.
ഇതിെൻറയൊക്കെ അടിസ്ഥാനത്തിലാണ് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൊടുത്തത്. എന്നാൽ, മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും റിപ്പോർട്ടിനെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു പ്രാദേശിക പാർട്ടിയുടെ ഉൾഘടകം മുല്ലപ്പെരിയാർ വിഷയം മുതലെടുക്കാൻ തീരുമാനിച്ചതിെൻറ പരിണിതഫലമായിരുന്നു അത്. പതിറ്റാണ്ടിനിപ്പുറവും അത് തുടരുന്നു എന്നതാണ് സങ്കടകരം.ഉന്നതാധികാര സമിതിയിൽ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ്, മുൻ സുപ്രീംകോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ്, ജസ്റ്റിസ് എ.ആർ. ലക്ഷ്മണൻ എന്നിവരും ഡോ. സി.ഡി. തട്ടേ, ഡി.കെ. മേത്ത എന്നീ എൻജിനീയറിങ് വിദഗ്ധരുമാണ് ഉണ്ടായിരുന്നത്.
മുല്ലപ്പെരിയാറിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉയർത്തിയ വാദങ്ങൾ പരിശോധിച്ച് ശരിയായ തീരുമാനത്തിലെത്തുക എന്ന ജോലിയാണ് സമിതി ചെയ്തത്. മുല്ലപ്പെരിയാറിനെക്കുറിച്ച് പഠിച്ചത് ഇൗ മേഖലയിലെ വിദഗ്ധരാണ്. ഗ്രാവിറ്റി ഡാം പൊട്ടില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. ഗ്രാവിറ്റി ഡാമിൽ വിള്ളൽ വീഴുകയേയുള്ളൂ. മുല്ലപ്പെരിയാർ പൊട്ടി പുറത്തെത്തുന്ന വെള്ളം ഇടുക്കി ഡാമിൽ എത്തുമെന്നായിരുന്നു പ്രചാരണം. ഇടുക്കിയും അതിനു താഴെയുള്ള ഡാമുകളും പൊട്ടിയാൽ നിരവധി ജില്ലകൾ ഒലിച്ചുപോകുമെന്നും പ്രചാരണമുണ്ടായി. ഇതേക്കുറിച്ച് സുപ്രീംകോടതിയുടെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ ഈ വാദം അസംബന്ധമാണെന്ന് തെളിഞ്ഞു.
മുല്ലപ്പെരിയാറിൽനിന്ന് പുറത്തെത്തുന്ന വെള്ളം ആദ്യം കേന്ദ്രീകരിക്കുന്നത് രണ്ടു പർവതങ്ങൾക്ക് ഇടയിലുള്ള താഴ്വരയിലാണ്. അതു നിറഞ്ഞുകവിഞ്ഞാൽ വീണ്ടും സമാന രീതിയിലുള്ള താഴ്വരയിൽ എത്തും. ഇത്തരത്തിൽ അഞ്ചു താഴ്വരകൾ പിന്നിട്ടാൽ മാത്രമേ ഇടുക്കി ഡാമിൽ ജലമെത്തൂ. ഡാമിൽ വിള്ളൽ വീണാലും ഇത്രയും വെള്ളം മുല്ലപ്പെരിയാറിൽനിന്ന് പുറന്തള്ളാൻ ഇടയില്ല എന്നായിരുന്നു കണ്ടെത്തൽ. കേരളത്തിനു വേണമെങ്കിൽ മുല്ലപ്പെരിയാറിന് 300 മീറ്റർ താഴെ പുതിയ ഡാം പണിയാം. അതിന് സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. തമിഴ്നാടിന് ഇക്കാര്യത്തിൽ എതിർപ്പില്ല. കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും ഇതിനായി ചെലവാകും. വെറും നോക്കുകുത്തിയായി ഈ ഡാം നിലനിൽക്കാനാണ് സാധ്യതെയന്നു മാത്രം.
തയാറാക്കിയത്: ടി. ജുവിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.