പൊതുപ്രവർത്തകന് വേണ്ടത് ഉറച്ച നിലപാടുകൾ –ജസ്റ്റിസ് കുര്യൻ ജോസഫ്
text_fieldsകൊച്ചി: ഉറച്ച നിലപാടെടുക്കാനും അവക്കുവേണ്ടി നിലകൊള്ളാനും പൊതുപ്രവർത്തകർക്ക് കഴിയണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. ട്രേഡ് യൂനിയൻ നേതാവും അഭിഭാഷകനുമായ തമ്പാൻ തോമസ് എഴുതിയ ‘തൂലിക, തൂമ്പ, ജയിൽ പിന്നെ പാർലമെൻറും’ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില നിലപാടുകൾ വ്യക്തിപരമായി ഒട്ടേറെ നഷ്ടം ഉണ്ടാക്കുന്നതാണ്. നേട്ടങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന പൊതുപ്രവർത്തനത്തിെൻറ കാലത്ത് നിലപാടുകൾക്കുവേണ്ടി നിലകൊള്ളാനുള്ള ചങ്കൂറ്റം തമ്പാൻ തോമസ് കാണിക്കുെന്നന്നത് അദ്ദേഹത്തിെൻറ പ്രത്യേകതയാണ്. എല്ലാ കടന്നാക്രമണഘട്ടത്തിലും ആശയങ്ങൾക്കുവേണ്ടി നിലകൊണ്ടു. അവ ബോധ്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞവയായിരുന്നു. നിർഭയമായും നേരോടെയുമുള്ള പൊതുപ്രവർത്തനം പ്രതിസന്ധികൾക്കിടയിലും സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. കടന്നുവന്ന കനൽവഴികളും ചെറുത്ത കടന്നാക്രമണങ്ങളും പക്വമായാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. ‘ദി ഹിന്ദു’ കേരള എഡിറ്റർ ഗൗരീദാസൻ നായർ പുസ്തകം ഏറ്റുവാങ്ങി. പ്രഫ. എം.കെ. സാനു പുസ്തകം പരിചയപ്പെടുത്തി.
മുതിർന്ന സി.ഐ.ടി.യു നേതാവ് എം.എം. ലോറൻസ്, ഐ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, എച്ച്.എം.എസ് ദേശീയ വൈസ് പ്രസിഡൻറ് പി.എം. മുഹമ്മദ് ഹനീഫ, എറണകുളം പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ, ഡോ. സെബാസ്റ്റ്യൻ പോൾ, എച്ച്.എം.എസ് ദേശീയ നിർവാഹകസമിതി അംഗങ്ങളായ സി.പി. ജോൺ, ജോർജ് തോമസ്, ദേശീയസമിതി അംഗം ജോസഫ് ജൂഡ്, സംസ്ഥാന സെക്രട്ടറി ടോമി മാത്യു എന്നിവർ സംസാരിച്ചു. തമ്പാൻ തോമസ് മറുപടി പ്രസംഗം നടത്തി.
‘കൊളീജിയം ശിപാർശ നിരാകരിക്കൽ സംഭവിക്കാൻ പാടില്ലാത്തത്’
കൊച്ചി: ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാർശ സർക്കാർ നിരാകരിച്ചത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളീജിയം ശിപാർശ ഇതുവരെ തിരുത്തി വന്നിട്ടില്ല. മുമ്പ് ഇങ്ങനെ സംഭവിക്കാത്തതിനാലാണ് കൂടുതൽ ചർച്ച നടത്തുന്നത്. അടുത്തയാഴ്ച കൊളീജിയം വീണ്ടും ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.