ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ: ഓരോ വിഷയവും ഗൗരവത്തോടെ പരിഗണിച്ച ന്യായാധിപൻ
text_fieldsകൊച്ചി: തന്‍റെ മുന്നിലെത്തുന്ന ഓരോ വിഷയവും അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് തീർപ്പാക്കുന്നതിൽ എന്നും ശ്രദ്ധ പുലർത്തിയിരുന്ന ന്യായാധിപനായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ. അന്യായങ്ങളിൽ അധികൃതരെ രൂക്ഷമായി വിമർശിക്കാറുള്ള ജസ്റ്റിസ് രാധാകൃഷ്ണൻ ന്യായം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പുവരുത്താനും മുന്നിൽ നിന്നു.
അട്ടപ്പാടിയടക്കം ആദിവാസി മേഖലകളെ തീർത്തും അവഗണിക്കപ്പെട്ട അവസ്ഥയിൽനിന്ന് കുറച്ചെങ്കിലും ഭേദപ്പെട്ട അവസ്ഥയിലെത്തിക്കാൻ വിഷയം പരിഗണിച്ചിരുന്ന ജഡ്ജിയെന്ന നിലയിൽ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ വഹിച്ച പങ്ക് ചെറുതല്ല. അവരുടെ ആരോഗ്യ സംരക്ഷണത്തിന് അടിയന്തര നടപടികൾക്കും കോടതി നിരന്തരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ ഗുരുവായൂർ ദേവസ്വത്തിനുകീഴിലെ വേങ്ങാട് ഗോശാലയുടെ ദുരവസ്ഥ സംബന്ധിച്ച ഹരജിയെ തുടർന്ന് അവിടെ നേരിട്ടെത്തിയാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ വിഷയം പഠിച്ചത്. ശബരിമല വിഷയങ്ങളടക്കം ഒട്ടേറെ കാര്യങ്ങളിൽ ഈ നിലപാടാണ് സ്വീകരിച്ചത്. ന്യായാധിപനെന്ന നിലയിൽ പൗരാവകാശങ്ങളും അടിസ്ഥാന ജനകീയ പ്രശ്നങ്ങളും ഉൾപ്പെട്ട വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ വീഴ്ച വരുത്തിയാൽ ഇതിൽ ഇടപെട്ട് പരിഹാരം കാണാൻ എന്നും ശ്രദ്ധിച്ചിരുന്നു.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. മാനസിക രോഗികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിക്കടി ഇടപെടൽ നടത്തിയതിന്‍റെ ഫലമായി വലിയ മാറ്റങ്ങൾ ഉണ്ടായി. അവഗണിക്കപ്പെട്ട ഈ മേഖലയിലേക്ക് സർക്കാറിന്‍റെയും അധികൃതരുടെയും നിരന്തരശ്രദ്ധ പതിഞ്ഞത് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്‍റെ ഇടപെടലിനുശേഷമാണ്.
കേരള ഹൈകോടതിയിൽനിന്ന് 2017 മാർച്ച് 18ന് ഛത്തിസ്ഗഡ് ഹൈകോടതി ചീഫ് ജസ്റ്റിസായി പോയ ശേഷം വിരമിക്കുന്നതിനിടയിലെ നാലുവർഷം നാല് ഹൈകോടതികളിൽ ചീഫ് ജസ്റ്റിസ് പദവി വഹിച്ചു. ഛത്തിസ്ഗഡിന് പുറമെ തെലങ്കാന-ആന്ധ്ര, തെലങ്കാന, കൊൽക്കത്ത ഹൈകോടതികളിലാണ് ചീഫ് ജസ്റ്റിസായിരുന്നത്. അതേസമയം, അർഹതയുണ്ടായിട്ടും നിർഭാഗ്യവശാൽ മറ്റ് ചില കാരണങ്ങളാൽ സുപ്രീം കോടതി ജസ്റ്റിസ് ആകാതെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.