ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അന്തരിച്ചു
text_fieldsകൊച്ചി: വിവിധ ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന കേരള ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു. 64 വയസ്സായിരുന്നു. കരളിലെ അർബുദ ബാധയെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച മൂന്നേകാലോടെയായിരുന്നു അന്ത്യം. 2004 ഒക്ടോബർ 14ന് ചുമതലയേറ്റത് മുതൽ 12 വർഷത്തിലധികം കേരള ഹൈകോടതിയിൽ ജഡ്ജിയായിരുന്നു. ഇതിനിടെ, 2016 മേയ് 13 മുതൽ ആഗസ്റ്റ് ഒന്നുവരെയും 2017 ഫെബ്രുവരി 16 മുതൽ മാർച്ച് 17 വരെയും രണ്ടുതവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. തുടർന്ന്, 2017 മാർച്ച് 18ന് ഛത്തിസ്ഗഡ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2018 ജൂലൈ ഏഴുമുതൽ ഡിസംബർ 31വരെ തെലങ്കാന-ആന്ധ്ര ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. 2019 ജനുവരി ഒന്നിന് തെലങ്കാന ഹൈകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.
2019 ഏപ്രിൽ നാലിന് കൊൽക്കത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. 2021 ഏപ്രിലിലാണ് വിരമിച്ചത്. കേരള ലീഗൽ സർവിസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാനായിരുന്നു. മരടിലെ പൊളിച്ച ഫ്ലാറ്റുകൾ നിയമം ലംഘിച്ച് നിർമിച്ചതിന് ഉത്തരവാദികളെ കണ്ടെത്താന് 2022 മേയിൽ സുപ്രീംകോടതി ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെ ഏകാംഗ കമീഷനായി നിയമിച്ചിരുന്നു. കരുതൽ മേഖല വിഷയത്തിൽ സർക്കാർ രൂപവത്കരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. കോവിഡ് വ്യാപന കാലത്ത് തെരഞ്ഞെടുപ്പ് കമീഷനെതിരെ നടത്തിയ വിമർശനം ചർച്ചയായിരുന്നു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായ സന്ദർഭത്തിൽ തന്റെ വസതിക്ക് മുന്നിലൂടെയൊഴുകുന്ന കാന വൃത്തിയാക്കാൻ ബനിയൻ ധരിച്ച് കൈക്കോട്ടുമായി മഴയിലിറങ്ങിയ അദ്ദേഹത്തിന്റെ പ്രവൃത്തി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുടിവെള്ള ടാങ്കറിൽ കക്കൂസ് മാലിന്യം കടത്തുന്നത് ഒരിക്കൽ ശ്രദ്ധയിൽപെട്ട അദ്ദേഹം തന്റെ ഔദ്യോഗിക വാഹനത്തിൽ പിന്തുടർന്ന് പിടികൂടിയതും ഏറെ ചർച്ചയായി. അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എൻ. ഭാസ്കരൻ നായരുടെയും എൻ. പാറുക്കുട്ടി അമ്മയുടെയും മകനായി 1959 ഏപ്രിൽ 29നാണ് തോട്ടത്തിൽ രാധാകൃഷ്ണൻ ജനിച്ചത്. കൊല്ലത്തെ സെന്റ് ജോസഫ്സ് കോൺവന്റ്, ഗവ. ബോയ്സ് ഹൈസ്കൂൾ, പട്ടം ആര്യ സെൻട്രൽ സ്കൂൾ, ട്രിനിറ്റി ലൈസിയം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഫാത്തിമമാതാ നാഷനൽ കോളജിലെ ഉപരിപഠനശേഷം കോളാറിലെ കെ.ജി.എഫ് ലോ കോളജിൽനിന്ന് നിയമബിരുദം നേടി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്തശേഷം തിരുവനന്തപുരത്താണ് പ്രാക്ടീസ് ആരംഭിച്ചത്.
1988ൽ ഹൈകോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. മീരസെൻ ആണ് ഭാര്യ.
മക്കൾ: അഡ്വ. പാർവതി നായർ, അഡ്വ. കേശവരാജ് നായർ. മരുമകൾ: അഡ്വ. ഗാഥ സുരേഷ്. തിങ്കളാഴ്ചവൈകീട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.