ജസ്റ്റിസ് യു.യു. ലളിത് സൂര്യനെല്ലി കേസില്‍ നിന്ന് പിന്മാറി
text_fieldsന്യൂഡല്‍ഹി: അഭിഭാഷകനായിരുന്നപ്പോള്‍ പ്രതികളിലൊരാള്‍ക്കുവേണ്ടി ഹാജരായിരുന്ന ജസ്റ്റിസ് യു.യു. ലളിത് സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്കിയ അപ്പീലുകള്‍ കേള്‍ക്കുന്നതില്‍നിന്ന് പിന്മാറി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്മരാജന് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹരജികൾ കേൾക്കുന്നതിൽനിന്നാണ് ലളിത് പിന്മാറിയത്.
പ്രതികളുടെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. കേസിലെ മുഴുവന്‍ പ്രതികളുടെയും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെയും വിശദമായ പട്ടിക ഹാജരാക്കിക്കൊണ്ടാണ് ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത്. സൂര്യനെല്ലി പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന പ്രതിഭാഗത്തിൻറ വാദത്തെ നേരത്തെ കേസ് കേട്ട സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിനിയായ 16-കാരിയെ ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയി നിരവധി പേര്‍ക്ക് കാഴ്ചവെച്ച സൂര്യനെല്ലി പീഡനം 1996-ലാണ് നടന്നത്.
ഇതില്‍ 35 പ്രതികളെ വിചാരണക്കോടതി നാലു മുതല്‍ 13 വര്‍ഷം വരെ തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ സമ്മതത്തോടെയായിരുന്നു പീഡനമെന്ന് പറഞ്ഞ് മുഴുവന്‍ പ്രതികളെയും ഹൈകോടതി വെറുതെവിട്ടു. ഈ വിധി റദ്ദാക്കി 2013-ല്‍ സുപ്രീംകോടതി പുതിയ അന്വേഷണത്തിന് ഉത്തരവിടുകയും 24 പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി 2014 ഏപ്രിലില്‍ വിധിക്കുകയും ചെയ്തു. അഭിഭാഷകനായ ധർമരാജന് ജീവപര്യന്തവും മറ്റു പ്രതികള്‍ക്ക് മൂന്നു മുതല്‍ 13 വര്‍ഷം വരെ കഠിന തടവുമാണ് ഹൈകോടതി വിധിച്ചത്. അതിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതിയുടെ മുമ്പിലുള്ളത്.
സൂര്യനെല്ലി കേസുകാലത്ത് പ്രശസ്ത ക്രിമിനൽ അഭിഭാഷകനായിരുന്ന യു.യു. ലളിതിനെ പിന്നീട് സുപ്രീംകോടതി കൊളീജിയം സുപ്രീംകോടതി ജഡ്ജിയായി നാമനിർദേശം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.