പെരിയകേസിൽ നീതി ലഭിച്ചത് സി.ബി.ഐ അന്വേഷിച്ചതിനാൽ- കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട് : പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചത് സി.ബി.ഐ കേസ് അന്വേഷിച്ചത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് തെളിയിക്കാൻ സി.ബി.ഐക്ക് സാധിച്ചു. സി.പി.എമ്മിന്റെ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു പെരിയയിലേത്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളിലെല്ലാം സി.പി.എം പ്രവർത്തകരായ പ്രതികളെ അവർ രക്ഷിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് യു.ഡി.എഫ് പ്രവർത്തകരുടെ കൊലപാതക കേസുകളിൽ വരെ പ്രതികൾ കുടുങ്ങി തുടങ്ങിയത്. മലബാറിലെ രാഷ്ട്രീയ കൊലപാതക കേസുകൾ സി.ബി.ഐ അന്വേഷിച്ചു തുടങ്ങിയതോടെ യഥാർഥ പ്രതികൾ കുടുങ്ങുകയും സി.പി.എം കൊലക്കത്തി താഴെയിടാൻ നിർബന്ധിതമാവുകയും ചെയ്തു.
മറ്റ് പ്രതികൾക്ക് കൂടി ശിക്ഷ ലഭിക്കേണ്ടതുണ്ട്. കോൺഗ്രസിന് ഈ കാര്യത്തിൽ ഒരു ആത്മാർത്ഥതയും ഇല്ല. നേരത്തെ കോൺഗ്രസ് സർക്കാരുകൾ കേന്ദ്രവും കേരളവും ഭരിച്ച സമയത്ത് കോൺഗ്രസുകാരും ലീഗുകാരും സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടും പ്രതികളായ സി.പി.എമ്മുകാർ ശിക്ഷിക്കപ്പെട്ടിരുന്നില്ല. പരുമല കേസിലും ടി.പി. ജയകൃഷ്ണൻ മാസ്റ്റർ കേസിലും സി.ബി.ഐ അന്വേഷണത്തിന് വിടാതിരുന്നത് എ.കെ. ആൻറണിയായിരുന്നു.
കോൺഗ്രസ്- സി.പി.എം ഒത്തുകളിയാണ് ഇതിന് കാരണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും കോൺഗ്രസ്- സി.പി.എം അഡ്ജസ്റ്റ്മെന്റ് ജനങ്ങൾ കണ്ടതാണ്. പെരിയ കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടപ്പോൾ അതിനെതിരെ ലക്ഷങ്ങൾ പൊടിച്ച് സുപ്രീംകോടതിയിൽ വരെ അപ്പീലുമായി പോയവരാണ് സംസ്ഥാന സർക്കാർ. പൊതുഖജനാവിലെ പണം ഉപയോഗിച്ച് സി.പി.എം ക്രിമിനലുകളെ കേസിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതിന് പിണറായി വിജയൻ കേരളീയ പൊതുസമൂഹത്തിന് മുമ്പിൽ മാപ്പ് പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.