അതിജീവിതക്ക് നീതി ഉറപ്പാക്കും; എത്ര ഉന്നതനായാലും നടപടിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അതിജീവിതക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ നടി മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും.
കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെനിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു.
അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പൊലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.