ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കും; അധ്യാപകനെ മാറ്റിനിർത്തുന്നത് വൈകിയാൽ നടപടി -മന്ത്രി ആർ. ബിന്ദു
text_fieldsകോഴിക്കോട്: എം.ജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനി ദീപ പി. മോഹന് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ തീരുമാനം വൈകിയാൽ നടപടി സ്വീകരിക്കും. കാലതാമസമുണ്ടായാൽ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടും. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാറിന് ഉത്കണ്ഠയുണ്ടെന്നും സമരത്തിൽ നിന്ന് ദീപ പിന്മാറണമെന്നും മന്ത്രി ആർ. ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
എംജി സർവകലാശാലയിൽ ദളിത് വിദ്യാർഥിനിയായ ദീപ പി. മോഹനൻ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ടു കൊണ്ട്, വിദ്യാർഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങൾ കണ്ട് സർവകലാശാലാ അധികൃതർ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. ഒരുവിധ മാനസിക പ്രയാസത്തിനോ സാങ്കേതിക തടസങ്ങൾക്കോ ഇടവരുത്താതെ ദീപക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പു കൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ, ആരോപണവിധേയനായ അധ്യാപകന്‍റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടു പോയിരിക്കുന്നത്. ഹൈകോടതിയും പട്ടികവർഗ കമീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർഥിനിയുടെ പരാതി സർവകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാറിന്‍റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയിൽ നിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവകലാശാലക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാറിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവകലാശാലാ അധികൃതർക്ക് നിർദേശം നൽകും. ഇതൊരുറപ്പായെടുത്ത് സമരത്തിൽ നിന്നു പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർഥിക്കുന്നു.
കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.