16 വയസ്സെന്ന് പീഡനക്കേസ് പ്രതി; 19 വയസ്സുള്ള വിവാഹിതനെന്ന് പ്രോസിക്യൂഷൻ
text_fieldsകൊച്ചി: ബാലനീതി നിയമപ്രകാരം പ്രായം കണക്കാക്കാൻ ആധാർ കാർഡ് മതിയായ രേഖയല്ലെന്ന് ഹൈകോടതി. സ്കൂൾ സർട്ടിഫിക്കറ്റോ തദ്ദേശസ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റോ മാത്രമേ ഇതിനായി പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അസം സ്വദേശിയായ യുവാവിന്‍റെ ഹരജി തള്ളിയാണ് ഉത്തരവ്.
പീരുമേട്ടിലെ എസ്റ്റേറ്റിൽ ജോലി ചെയ്യുമ്പോൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ഹരജിക്കാരൻ ജൂൺ മൂന്നിനാണ് അറസ്റ്റിലായത്. ആധാർ കാർഡ് പ്രകാരം തനിക്ക് 16 വയസ്സേയുള്ളൂവെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
2006 ജനുവരി രണ്ടാണ് ജനനത്തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ബാലനീതി നിയമപ്രകാരമുള്ള നടപടിയാണ് തനിക്കെതിരെ സ്വീകരിക്കേണ്ടതെന്നും ഹരജിക്കാരൻ വാദിച്ചു. ഇക്കാര്യം വ്യക്തമാക്കി അസം ആരോഗ്യവകുപ്പ് നൽകിയ സർട്ടിഫിക്കറ്റും ഹാജരാക്കി. എന്നാൽ, ഈ വാദത്തെ എതിർത്ത പ്രോസിക്യൂഷൻ, പ്രതിയുടെ ജനനത്തീയതി 2003 ഫെബ്രുവരി 13 ആണെന്ന് തെളിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇയാൾ വിവാഹിതനാണെന്നും 19 വയസ്സുണ്ടെന്നും വിശദീകരിച്ചു.
തുടർന്നാണ് പ്രതിയുടെ പ്രായം ഉറപ്പിക്കാൻ സ്കൂളോ തദ്ദേശ സ്ഥാപനമോ നൽകുന്ന സർട്ടിഫിക്കറ്റ് വേണമെന്ന് കോടതി വ്യക്തമാക്കിയത്. ഈ രണ്ട് രേഖയുടെയും അഭാവത്തിൽ പ്രായം നിർണയിക്കാനുള്ള വൈദ്യപരിശോധനയാണ് നിയമത്തിൽ നിർദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്ന് വിലയിരുത്തി ജാമ്യഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.