അടിമാലിയുടെ കരുതൽ തുണയായി; ജ്യോതിഷ് പുതുജീവിതത്തിലേക്ക്
text_fieldsഅടിമാലി: പ്രതിസന്ധികൾ മലവെള്ളംപോലെ വരുമ്പോഴും സഹജീവികളെ നെഞ്ചോട് ചേർക്കുന്ന മലയോര ജനതയുടെ കരുതലിെൻറ പുതിയ തെളിവാണ് ജ്യോതിഷ് എന്ന 32കാരൻ. പൂർണമായും കിടപ്പിലായ അവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ് ഈ ചെറുപ്പക്കാരൻ. 2019 നവംബർ 21ന് രാത്രി ജോലി കഴിഞ്ഞ് വരുമ്പോഴാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ചാറ്റുപാറയിൽനിന്ന് മെഴുകുംചാൽ റോഡിൽ എത്തിച്ചേരുന്ന നടപ്പാതയിൽ നിർമിച്ച പാലത്തിൽനിന്ന് വീണ് ജ്യോതിഷിന് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ് നാലുമാസത്തോളം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2018ലെ കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ജ്യോതിഷും കുടുംബവും വാടകക്കാണ് താമസിച്ചിരുന്നത്. സാമ്പത്തിക പരാധീനത അലട്ടുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ചികിത്സച്ചെലവ്. സുഹൃത്തുക്കൾ ചേർന്ന് രൂപവത്കരിച്ച ചികിത്സ സഹായ സമിതിയുമായി നാടൊന്നാകെ സഹകരിച്ചതോടെ അഞ്ചുലക്ഷത്തോളം രൂപ കണ്ടെത്താനായി. ഏഴുലക്ഷം രൂപയോളമാണ് ചികിത്സക്ക് ചെലവായത്.
ഫെബ്രുവരി അവസാനത്തോടെ ഡിസ്ചാർജ് ആയെങ്കിലും ഓർമയും സംസാരശേഷിയും നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലായിരുന്നു. ആശുപത്രി സംവിധാനങ്ങളോടുകൂടി നിരന്തരം ഫിസിയോതെറപ്പി നൽകിയാൽ അവസ്ഥക്ക് മാറ്റം ഉണ്ടായേക്കും എന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ, വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമാകുന്ന സംവിധാനത്തിന് പ്രതിദിനം 5000 രൂപയോളം ചെലവ് വരും.
ഇതിന് വഴിയില്ലാതിരുന്ന കുടുംബം ചികിത്സക്ക് കോതമംഗലം പീസ് വാലിയെ സമീപിക്കുകയായിരുന്നു. നിർധനർക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സൗജന്യമായാണ് പീസ് വാലിയിൽ ലഭ്യമാക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ ഫിസിയോതെറപ്പിസ്റ്റുകൾ പ്രതിദിനം ആറുമണിക്കൂർ വരെ രോഗികൾക്ക് ഫിസിയോതെറപ്പി നൽകുന്നുണ്ട്. ചികിത്സാ കാലയളവിലുടനീളം രോഗിക്കും കൂട്ടിരിപ്പുകാരനും താമസവും ഭക്ഷണവും സൗജന്യമാണ്.
മാർച്ച് ആദ്യവാരമാണ് ജ്യോതിഷ് പീസ്വാലിയിൽ അഡ്മിറ്റായത്. ജൂൺ ആദ്യവാരത്തോടെ പരസഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും കഴിയുന്ന അവസ്ഥയിൽ എത്തി. സംസാരശേഷിയും തിരികെ കിട്ടി. മകനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചവർക്ക് നിറകണ്ണുകളോടെ നന്ദി പറയുകയാണ് ജ്യോതിഷിെൻറ മാതാപിതാക്കൾ. അകമഴിഞ്ഞുണ്ടായ സഹകരണങ്ങളാണ് നിർണായകമായതെന്ന് ചികിത്സ സമിതി ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിൽ പത്തുപേരെ ഒേരസമയം ചികിത്സിക്കാനുള്ള സൗകര്യമാണ് പീസ്വാലിയിലുള്ളത്. ഡയാലിസിസ് സെൻറർ, പാലിയേറ്റിവ് കെയർ, സാമൂഹിക-മാനസിക പുനരധിവാസ കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.