'വിജയിച്ച ശേഷം യു.ഡി.എഫ് ഓഫീസിൽ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത്...'; ട്രോളുമായി ജ്യോതികുമാർ ചാമക്കാല
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പ്രവർത്തകർക്കൊപ്പം സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷമാക്കി നേതാക്കളും.
ആദ്യ നാല് റൗണ്ടുകൾ എണ്ണി തീർന്നപ്പോൾ തന്നെ വിജയ പ്രഖ്യാപനവുമായി ആദ്യമെത്തിയത് വി.ടി.ബൽറാമാണ്. ‘രാഹുൽ തന്നെ’ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ ‘ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി’ എന്നാണ് വി.ടി. ബൽറാം എഴുതിയത്.
തൊട്ടുപിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിനെ ട്രോളി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്ത് വന്നു.
'പാലക്കാട് വിജയിച്ച ശേഷം നേരെ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത്....' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. കൂടെ ഓഫീസിന് മുന്നിൽ നിന്നുള്ള തന്റെ ഒരു പടവും നൽകി.
പാലക്കാട് വിജയിച്ച ശേഷം ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കും യു.ഡി.എഫിന്റെ ഓഫീസിലേക്കുമായിരിക്കും ആദ്യം എത്തുകയെന്ന് പി.സരിൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ പാലക്കാട് മൂന്നാം സ്ഥാനത്തായിരുന്നു സരിൻ. ഇതോടെയാണ് സരിനെതിരെ പരിഹാസവുമായി നേതാക്കളും അണികളും രംഗത്തെത്തിയത്.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ തലവനായിരുന്ന പി.സരിൻ പാലക്കാട് രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്. തുടർന്നാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥിയായി ജനവിധി തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.