കെ. ബാബുവിന് എം.എൽ.എയായി തുടരാം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജാണ് ബാബുവിനെതിരെ 2021 ജൂണിൽ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.ജി. അജിത്കുമാറാണ് ഹരജിയിൽ വിധി പറഞ്ഞത്. രണ്ടുവർഷത്തിനും 10 മാസത്തിനും ശേഷമാണ് ഹരജിയിൽ വിധി വരുന്നത്. ആരോപണം സാധൂകരിക്കുന്ന സാക്ഷികളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം സ്വരാജ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ തോൽക്കുന്നത് അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞ് ബാബു മണ്ഡലത്തിൽ പര്യടനം നടത്തിയതായും പരാതിയിലുണ്ട്. അതിനാൽ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിക്കെതിരെ ബാബു നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും വിധി അനുകൂലമായിരുന്നില്ല.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ. ബാബു എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് 4471 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ബാർ കോഴ വിവാദം ആഞ്ഞടിച്ച സമയമായിരുന്നു അത്. 25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ.
മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് തെളിയിക്കുന്ന സാക്ഷിമൊഴികളില്ല
മറ്റു തെളിവുകളുടെ അഭാവത്തിൽ ഹരജിക്കാരന്റെ ആരോപണം തെളിയിക്കാൻ, സ്ലിപ്പ് ലഭിച്ചതായി പറയുന്നവരുടെ മൊഴികൾ മാത്രം മതിയാകില്ലെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് തെളിയിക്കുന്ന സാക്ഷിമൊഴികളില്ല. ഹരജിക്കാരനുവേണ്ടി ഹാജരായ സാക്ഷികളുടെ മൊഴി വിശ്വാസയോഗ്യമല്ല. സ്വരാജിന്റെ നിർദേശപ്രകാരം തൃപ്പൂണിത്തുറ പൊലീസിൽ നൽകിയ പരാതിയിൽ സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇത്തരമൊരു സ്ലിപ്പ് വിതരണം ചെയ്തതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെറ്റാണെന്ന് വിലയിരുത്തിയ കോടതി, ഇത് കെ. ബാബുവോ ബാബുവിന് വേണ്ടിയോ ആണെന്ന് തെളിയിക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.