അനധികൃത സ്വത്ത്: കെ. ബാബുവിനെ ഇന്ന് ചോദ്യംചെയ്യും
text_fieldsകൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് സംഘം വെള്ളിയാഴ്ച ചോദ്യംചെയ്യും. പ്രാഥമിക ചോദ്യംചെയ്യലാണിത്. വിശദമായ ചോദ്യംചെയ്യല്‍ പിന്നീടുണ്ടാകും. വെള്ളിയാഴ്ച രാവിലെ പത്തോടെ വിജിലന്‍സിന് മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാര്‍ കോഴക്കേസിലും വിജിലന്‍സ് കഴിഞ്ഞദിവസം ബാബുവിനെ ചോദ്യം ചെയ്തിരുന്നു.
അതിനിടെ, കെ. ബാബുവിനെ ന്യായീകരിച്ച് സുഹൃത്ത് ബാബുറാം മുന്‍ ആഭ്യന്തരമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും എഴുതിയ കത്തും കുരുക്കായി മാറി. ബാബുറാം, മോഹന്‍ എന്നിവരുടെ പേരില്‍ ബാബു ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍െറ ആരോപണം. സെപ്റ്റംബര്‍ ആദ്യവാരം ബാബുവിന്‍െറയും മക്കളുടെയും ബാബുറാം, മോഹന്‍ എന്നിവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
ഇതിന് അനുബന്ധമായി ബാങ്ക് ലോക്കറുകളും വസ്തു ഇടപാടിന്‍െറ ആധാരങ്ങളും പരിശോധിച്ചിരുന്നു. ബാബു, ബാബുറാം, മോഹന്‍ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. ഇവയെല്ലാം വിശദമായി വിലയിരുത്തിയശേഷമാണ് അനധികൃത സ്വത്തുകേസില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ബാബുവിന്‍െറ ‘നിരപരാധിത്വം’ വിശദീകരിച്ച് പൊതുപ്രവര്‍ത്തകനും ശ്രീനാരായണപ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകനുമാണെന്ന് പരിചയപ്പെടുത്തിയാണ് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും വിജിലന്‍സ് ഡയറക്ടര്‍ ആര്‍. ശങ്കര്‍ റെഡ്ഡിക്കും നവംബര്‍ 14ന് ബാബുറാം കത്തെഴുതിയത്. ബാബുറാമിന്‍െറ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ കത്തിന്‍െറ കോപ്പിയും പിടിച്ചെടുത്തിരുന്നു.
ബാബു അടക്കം ചില നേതാക്കളെ തകര്‍ക്കുന്നതിന് കെട്ടിച്ചമച്ചതാണ് ബാര്‍ കോഴക്കേസ് എന്നും കേസ് പിന്‍വലിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ബാബു അഴിമതി നടത്തിയിട്ടില്ളെന്നും വി.എസ്. അച്യുതാനന്ദന്‍െറ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും കത്തില്‍ വിശദീകരിക്കുന്നുമുണ്ട്.
തനിക്ക് ബാബുറാമുമായി ഒരുഅടുപ്പവുമില്ളെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലെ പരിചയം മാത്രമാണുള്ളതെന്നുമാണ് ബാബു അവകാശപ്പെട്ടിരുന്നത്. ഇതേരീതിയിലെ മൊഴിയാണ് ബാബുറാമും നല്‍കിയത്.
ഈ വാദങ്ങളെ പൊളിക്കുന്നതാണ് കത്ത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ബാബുവും ബിനാമികളെന്ന് സംശയിക്കുന്നവരുമായി 180 തവണയിലധികം ബന്ധപ്പെട്ടതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ബാബുറാം കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. വിദേശത്തെ ബന്ധുക്കളുടെ സഹായത്തോടെയും ഭൂമി കച്ചവടത്തില്‍നിന്നുള്ള ലാഭം ഉപയോഗിച്ചുമാണ് ഈ ഇടപാടുകളെന്നാണ് ഇയാള്‍ വിശദീകരിച്ചത്. എന്നാല്‍, ഇത് വിജിലന്‍സ് മുഖവിലക്കെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.