കെ-ഫോൺ: സൗജന്യ കണക്ഷൻ നൽകുന്നത് ഇഴയുന്നു
text_fieldsകോട്ടയം: കെ-ഫോൺ പദ്ധതിയോട് കേബിൾ ഓപറേറ്റർമാർ സഹകരിക്കാത്തതിനാൽ വീടുകളിലേക്കും വാണിജ്യകേന്ദ്രങ്ങളിലേക്കുമുള്ള ഇന്റർനെറ്റ് കണക്ഷനുകളും വൈകും. ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം മാസത്തിലേക്ക് കടന്നിട്ടും പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളുടെ മൂന്നിലൊന്ന് പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് വീടുകളിൽ കണക്ഷൻ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം.
കേബിൾ ടി.വി ഓപറേറ്റർമാരെ അനുനയിപ്പിക്കാൻ കേബിൾ ഓപറേറ്റർമാരുടെ ജില്ലതല സമ്മേളനങ്ങൾ വിളിച്ച് ഓണത്തിനെങ്കിലും വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് കെ-ഫോൺ. ജൂൺ അഞ്ചിനാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായി മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോൺ ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് ജൂണിൽ തന്നെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇതുവരെ പൂർത്തിയായത് 4800 കണക്ഷൻ. പുറമെ, സൗകര്യങ്ങളുടെ അപര്യാപ്തതയും അർഹരായവരുടെ പട്ടികയിലെ പ്രശ്നങ്ങളും. മാസങ്ങളെടുത്ത് തദ്ദേശ വകുപ്പ് കണ്ടെത്തി നൽകിയ 14,000 ബി.പി.എൽ കുടുംബങ്ങളുടെ പട്ടിക െവച്ച് കണക്ഷൻ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വ്യക്തിവിവരങ്ങൾ പോലും ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി 5000 പേരുടെ ലിസ്റ്റ് കെ-ഫോൺ തിരികെ കൈമാറിയിട്ടുണ്ട്. പോരായ്മകൾ പരിഹരിച്ച് പുതിയ ലിസ്റ്റ് നൽകിയാൽ മാത്രമേ കണക്ഷൻ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാകൂ.
ഉൾപ്രദേശങ്ങളിലേക്ക് കേബിളെത്തിക്കുന്നതിലെ ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്നം. രണ്ടര ലക്ഷം കണക്ഷനുകൾ നൽകുന്ന രണ്ടാംഘട്ടത്തിന്റെ അവസ്ഥയും പരിതാപകരമാണ്. ഇതിന് സാങ്കേതിക പങ്കാളിയെ കണ്ടെത്താൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. ഗാര്‍ഹിക-വാണിജ്യ കണക്ഷൻ നടപടികൾക്ക് മൂന്നാംതവണ വിളിച്ച ടെൻഡര്‍ നടപടികളും അനിശ്ചിതത്വത്തിലാണ്. ഇന്റർനെറ്റ് കണക്ഷൻ നൽകാൻ സാങ്കേതിക പങ്കാളിയെ കണ്ടെത്താനുള്ള കെ-ഫോൺ ക്ഷണത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. 9000 ത്തോളം കേബിൾ ഓപറേറ്റർമാരുള്ളതിൽ താൽപര്യം അറിയിച്ചത് 2200 പേർ മാത്രം. അവരിൽനിന്നും ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 50 ഓപറേറ്റര്‍മാരുമായി മാത്രമാണ് കരാറുണ്ടാക്കാനായതും.
അടുത്ത പോസ്റ്റിൽനിന്ന് കേബിൾ വലിച്ച് ആവശ്യക്കാര്‍ക്ക് കണക്ഷനെത്തിക്കലാണ് ഇവരുടെ ചുമതല. ‘എന്റെ കെ ഫോൺ ആപ്പിൽ’ കണക്ഷൻ ആവശ്യപ്പെട്ടവരുടെ ലിസ്റ്റ് പിൻകോഡ് അടിസ്ഥാനത്തിൽ തിരിച്ച് ഓപറേറ്റര്‍മാർക്ക് കെ-ഫോൺ നൽകും. ഇൻസ്റ്റലേഷനും മോഡവും ഫ്രീയാണ്. എടുക്കുന്ന പാക്കേജിൽ ജി.എസ്.ടിയും എട്ട് ശതമാനം വരുന്ന ടെലികോം ലൈസൻസ് ഫീസും കിഴിച്ച് ബാക്കിത്തുക കെ- ഫോണും കേബിൾ ഓപ്പറേറ്ററും തുല്യമായി പങ്കിടുന്ന വിധത്തിലാണ് കരാര്‍. എന്നാൽ, ഇത് തീരെ ആകർഷണീയമല്ലെന്ന നിലപാടിലാണ് കേബിൾ ഓപറേറ്റർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.